ആന്‍ഡമാനില്‍ അമേരിക്കക്കാരനെ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്തു കൊന്നു

പോര്‍ട്ട് ബ്ലെയര്‍/ന്യൂഡല്‍ഹി ∙ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അമേരിക്കന്‍ പൗരനെ സംരക്ഷിത ഗോത്രവര്‍ഗക്കാര്‍ അമ്പെയ്തു കൊലപ്പെടുത്തി. ഇരുപത്തിയേഴുകാരനായ ജോണ്‍ അലന്‍ എന്ന അമേരിക്കക്കാരനെ സെന്റിനലീസ് ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന വടക്കന്‍ സെന്റിനല്‍ ദ്വീപിലേക്കു കൂട്ടിക്കൊണ്ടുപോയ ഏഴു പേരെ അറസ്റ്റ് ചെയ്തു.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത നാല്‍പതോളം സെന്റിനലീസ് ഗോത്രവര്‍ഗക്കാരാണ് ഈ ദ്വീപിലുള്ളത്. നവംബര്‍ 16-നു ദ്വീപിലെത്തിയ അമേരിക്കക്കാരനെ ഗോത്രവര്‍ഗക്കാര്‍ അമ്പും വില്ലും കൊണ്ട് ആക്രമിക്കുന്നതു കണ്ടതായി മീന്‍പിടിത്തക്കാര്‍ അറിയിച്ചു. ജോണിനെ കടല്‍ത്തീരത്തേക്കു വലിച്ചിഴച്ചു കൊണ്ടുവന്നുവെന്നും പിന്നീടു പകുതി ശരീരം മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും അവര്‍ പറഞ്ഞു. 

നവംബര്‍ 14-ന് സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം കൂടുതല്‍ തയാറെടുപ്പോടെ ഇയാള്‍ മടങ്ങിയെത്തുകയായിരുന്നു. ബോട്ട് പകുതി വഴി ഉപേക്ഷിച്ച ശേഷം ഒറ്റവള്ളത്തിലാണ് ദ്വീപിലെത്തിയത്. ഗോത്രവര്‍ഗക്കാര്‍ എയ്ത അമ്പുകള്‍ കൊണ്ട ശേഷവും ജോണ്‍ യാത്ര തുടര്‍ന്നു. തുടര്‍ന്ന് അവര്‍ കഴുത്തില്‍ കയര്‍ കെട്ടി നിലത്തുകൂടി വലിച്ചിഴയ്ക്കുകയായിരുന്നു.

സംഭവം കണ്ട മീന്‍പിടിത്തക്കാര്‍ പോര്‍ട്ട് ബ്ലെയറിലെത്തിയപ്പോള്‍ വിവരം ജോണിന്റെ സുഹൃത്തായ അലക്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അലക്‌സാണ് വിവരം ജോണിന്റെ അമേരിക്കയിലുള്ള കുടുംബത്തെ അറിയിച്ചത്. ഇവര്‍ ഡല്‍ഹിയില്‍ അമേരിക്കന്‍ എംബസിയില്‍ സഹായത്തിനായി ബന്ധപ്പെട്ടു. 

ജോണിന്റെ മൃതദേഹം കണ്ടെത്താന്‍ പോര്‍ട്ട് ബ്ലെയറില്‍നിന്നു ഹെലികോപ്റ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സെന്റിനലീസ് ഗോത്രവര്‍ഗക്കാര്‍ ആക്രമിക്കുമെന്നതിനാല്‍ ഹെലികോപ്റ്റര്‍ ദ്വീപില്‍ ഇറക്കാന്‍ കഴിയില്ല. നിരവധി ഗോത്രവര്‍ഗക്കാര്‍ അധിവസിക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് ശക്തമായ നിയന്ത്രണങ്ങളോടെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കാറുള്ളു.