Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൗ ദ്വീപിലെത്തിയത് ദീർഘകാലം താമസിക്കാൻ; വസ്ത്രം മാറി ‘അടുക്കാനുള്ള’ ശ്രമം പാളി

 North Sentinel Island നോർത് സെന്റിനൽ ദ്വീപ്, കൊല്ലപ്പെട്ട ജോൺ അലൻ ചൗ

ന്യൂഡൽഹി∙ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ യുഎസ് പൗരൻ എത്തിയത് സെന്റിനലി ഗോത്രവിഭാഗത്തിനൊപ്പം ജീവിക്കാനായിരുന്നെന്നു വെളിപ്പെടുത്തൽ. ഇതിനായി കറുപ്പ് നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ചാണു കൊല്ലപ്പെട്ട ജോൺ അലൻ ചൗ ദ്വീപിലേക്കു പോയതെന്നാണു വിവരം. അതിർത്തി ലംഘിച്ചു ദ്വീപിലേക്കു കടക്കുന്നതിനു ജോണിനെ സഹായിച്ച മൂന്നു മൽസ്യത്തൊഴിലാളികളിൽ നിന്നാണ് ഇക്കാര്യം അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്.

നവംബർ 17നാണു രണ്ടാം തവണ ജോൺ സെന്റിനൽ ദ്വീപിലേക്കു പോയത്. 40 മുതൽ 400 വരെ സെന്റിനലി വിഭാഗക്കാർ ഉണ്ടെന്നു കരുതുന്ന ദ്വീപിൽനിന്നുള്ള അമ്പേറ്റ് ഇയാൾ  കൊല്ലപ്പെടുകയായിരുന്നു. ചൗ ഒരു ബാഗ് ദ്വീപിൽ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മൽ‌സ്യത്തൊഴിലാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പാസ്പോർട്, തുണികൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, മരുന്നുകൾ എന്നിവയെല്ലാമായിരുന്നു ബാഗിൽ‌. സെന്റിനലി വിഭാഗവുമായി ബന്ധം സ്ഥാപിച്ചശേഷം തിരികെയെടുക്കുന്നതിനാണ് ഇത് ഒളിപ്പിച്ചതെന്നാണു കരുതുന്നത്.

സെന്റിനലി ഗോത്രവിഭാഗത്തിന്റേതിനു സമാനമായ രൂപത്തിലെത്തി അവരുടെ വിശ്വാസം നേടാനായിരുന്നു ചൗവിന്റെ പദ്ധതി. കുറേ മാസങ്ങൾ ദ്വീപിൽ താമസിക്കുന്നതിനും യുഎസ് പൗരനു താൽപര്യം ഉണ്ടായിരുന്നതായും മൽസ്യത്തൊഴിലാളികൾ മൊഴി നൽകി. 1960–കളുടെ മധ്യത്തിൽ ദ്വീപിലെത്തിയ സർക്കാർ സംഘത്തിന്റെ വസ്ത്രങ്ങളും മറ്റും ദ്വീപ് വാസികൾ കൗതുകത്തോടെ തൊട്ടുനോക്കുന്ന വിഡിയോ ജോൺ അലൻ‌ ചൗ കണ്ടിരുന്നു.

ചൗ ദ്വീപിൽ ഒളിപ്പിച്ച ബാഗിനെക്കുറിച്ചു തങ്ങൾക്കു വിവരമൊന്നുമില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരുപക്ഷേ ദ്വീപുനിവാസികൾ അതു കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടാകാം. ബാഗ് വച്ച ഇടത്തുതന്നെ ഉണ്ടാകാനും സാധ്യതയുണ്ട്. തനിക്കെതിരെ വീണ്ടും അക്രമം ഉണ്ടാകുമെന്ന് ചൗ ഭയന്നിരുന്നതായും അന്വേഷണ സംഘം അറിയിച്ചു. അങ്ങനെയുണ്ടായാൽ സുരക്ഷാ സൗകര്യങ്ങൾക്കു വേണ്ടിയാണു സൂചികളും മരുന്നുകളും ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്.

നവംബര്‍ 16ന് ആദ്യ പ്രാവശ്യം ദ്വീപിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അക്രമത്തിൽ ഇയാളുടെ തോണി തകർന്നിരുന്നു. തുടർന്ന് 300 മുതൽ 400 മീറ്റർ വരെ നീന്തിയാണ് ഇയാൾ മൽ‌സ്യത്തൊഴിലാളികളുടെ ബോട്ടിനു സമീപമെത്തിയത്. 17ന് ദ്വീപിലേക്കു തിരികെ പോകുന്നതിനു മുൻപ് ചൗ എഴുതിയ കുറിപ്പിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

‘പേടിയുണ്ട്. എനിക്കു മരിക്കാൻ താൽപര്യമില്ല. ഇത് ഉപേക്ഷിക്കുന്നതാണ് നല്ലത്. എനിക്ക് പകരം ഇതു തുടരുന്നതിനു മറ്റാരെയെങ്കിലും ഏൽപിക്കണം’– ഇക്കാര്യങ്ങളാണു കുറിപ്പിലുള്ളത്. അതേസമയം ദ്വീപിനു സമീപമുള്ള പൊലീസ് സംഘത്തെ സെന്റിനലി ഗോത്ര ജനങ്ങൾ മരങ്ങളിലിരുന്നു നിരീക്ഷിക്കുകയാണ്. ഗോത്ര വിഭാഗക്കാരെ ശല്യം ചെയ്യാതെ ചൗവിന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

related stories