48 മണിക്കൂറിനുള്ളില്‍ രാജിവയ്ക്കണം: പരീക്കറുടെ വസതിയിലേക്കു ജനകീയ മാര്‍ച്ച്

പനാജി ∙ ചികിത്സയ്ക്കു ശേഷം വിശ്രമിക്കുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ സ്ഥാനം ഒഴിഞ്ഞു മുഴുവന്‍ സമയ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കു നൂറുകണക്കിനാളുകള്‍ മാര്‍ച്ച് നടത്തി.

'ഭരണപുനസ്ഥാപനത്തിനുള്ള ജനകീയ മാര്‍ച്ച്' എന്ന ബാനറില്‍ ഒത്തുചേര്‍ന്നവരാണ് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും നേതൃത്വം നല്‍കിയ മാര്‍ച്ചിനു കോണ്‍ഗ്രസിനു പുറമേ എന്‍സിപി, ശിവസേന തുടങ്ങിയ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു നൂറു മീറ്റര്‍ ദൂരത്തുവച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. അനാരോഗ്യം മൂലം ഇവരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി തയാറായില്ല.

രോഗബാധിതനായ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഒമ്പതു മാസത്തിലേറെ മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിഞ്ഞത് ഭരണനിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചെന്നും ഇവര്‍ ആരോപിച്ചു. സ്വന്തം മന്ത്രിമാരുമായും എംഎല്‍എമാരുമായും പോലും കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് കൂട്ടായ്മയുടെ നേതാവ് ഏരിസ് റോഡ്രിഗസ് പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞ് മറ്റൊരാള്‍ക്കു മുഖ്യമന്ത്രി ചുമതല നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പരീക്കറിന്റെ ആരോഗ്യത്തിനായി ജനങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും ഭരണപ്രതിസന്ധിയില്‍ ആശങ്കയുണ്ടെന്ന് ശിവസേന ഗോവ അധ്യക്ഷന്‍ ജിതേഷ് കാമത്ത് വ്യക്തമാക്കി. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനായ പരീക്കര്‍ ഡല്‍ഹി എയിംസില്‍നിന്ന് ഒക്‌ടോബര്‍ 14-നു ഡിസ്ചാര്‍ജ് ചെയ്ത ശേഷം സ്വകാര്യ വസതിയില്‍ വിശ്രമത്തിലാണ്. ഗോവയില്‍ പരീക്കര്‍ക്കു പകരക്കാരനെ കണ്ടെത്താന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലാണു ബിജെപി.