റഷ്യയില്‍ വിമാനമിടിച്ച് യുവാവ് മരിച്ചു; ശരീരഭാഗങ്ങള്‍ റണ്‍വേയില്‍ ചിതറി

പ്രതീകാത്മക ചിത്രം

മോസ്കോ∙ റഷ്യയിൽ പറന്നുയരുന്നതിനിടെ വിമാനമിടിച്ച് യുവാവ് മരിച്ചു. മോസ്കോയിലെ വിമാനത്താവളത്തിലെ റൺവെയിൽ വിമാനം പറന്നുയരുന്നതിനിടെയായിരുന്നു അപകടം. റഷ്യയിലെ ഷെറെമെത്യെവോ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് എട്ടിന് ഏതൻസിലേക്കു പോകുന്നതിനായി ടേക് ഓഫ് ചെയ്യുന്ന എയ്റോഫ്ലോറ്റിന്റെ വിമാനമാണു യുവാവിനെ ഇടിച്ചത്.

യുവാവിന്റെ ശരീരഭാഗങ്ങളും കോട്ട്, ഷൂലേസ് തുടങ്ങിയവയും മറ്റും ചിതറിയ നിലയിൽ റൺവേയിൽനിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ ഇതുവരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. വിമാനത്താവള അധികൃതരും വിഷയത്തിൽ പ്രതികരിച്ചില്ല. വിമാനത്താവളത്തിലെത്തിയ ഇയാളുടെ കൂടെ ബോർഡിങ് ഗേറ്റ് വരെ പൊലീസ് ഉണ്ടായിരുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുവാവ് വിമാനത്തിന് അടുത്തെത്താനുള്ള ബസിൽ കയറുന്നതിനു മുൻപേ പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

അർമേനിയയിലേക്കു പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്. അപകടത്തിനിടയാക്കിയ വിമാനം ഏതന്‍സിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിമാനത്തിൽ അപകട സമയത്ത് ഉണ്ടായ പാടുകൾ കണ്ടെത്തി. അപകടം നടന്ന റൺവേ താൽക്കാലികമായി അടച്ചു. വിമാനക്കമ്പനിയുടെ വിവിധ സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.