വിപണി ഇന്നും നഷ്ടത്തിൽ; ക്രൂഡ് വില ഇടിവ് അനുബന്ധ ഓഹരികൾക്കു നേട്ടമായേക്കും

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽനിന്നു കരകയറുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതിനു പിന്നാലെ രാജ്യാന്തര വിപണിയിലുണ്ടായ ഇടിവുകളുടെ ചുവടുപിടിച്ചു തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ. നേരിയ പോയിന്റുകളുടെ ഉയർച്ചയിൽ വ്യാപാരത്തിനു തുടക്കം കുറിച്ചെങ്കിലും വിപണിയിൽ വിൽപന സമ്മർദം ഏറുന്നതായാണ് ആദ്യ മണിക്കൂറുകളിൽ ദൃശ്യമാകുന്ന പ്രവണത.

ഇന്നലെ 10656.2ന് ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10670.95നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് ഒരുവേള നിഫ്റ്റി 10562.20 വരെ താഴുകയും ചെയതു. 34474.51ൽ ഇന്നലെ ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ 35492.62നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 35112.49 പോയിന്റു വരെ താണു നേരിയ ഉയർച്ചയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ ഇനിയുള്ള നാളുകളിൽ ഒരു മാന്ദ്യം ഉണ്ടാകും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്നലെ അമേരിക്കൻ ഡൗ ജോൺസ്‌ സൂചികയിൽ 2.21 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്.

യൂറോപ്യൻ വിപണിയും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതിനുതുടർച്ചയായി ഇന്ന് എല്ലാ ഏഷ്യൻ വിപണികളും വിൽപന സമ്മർദമാണു രാവിലെ കാണിക്കുന്നത്. എന്നാൽ ഇന്നലെ രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ ഏഴു ശതമാനം ഇടിവുണ്ടായത് ഇന്ത്യൻ വിപണികൾക്കു ശുഭവാർത്തയാണ്. അതുകൊണ്ടു തന്നെ ഇന്ന് വിപണി ഇടിവ് രേഖപ്പെടുത്തുമ്പോഴും എണ്ണ വിതരണ കമ്പനികൾ, പെയിന്റ് നിർമാതാക്കൾ, ചില കെമിക്കൽ കമ്പനികൾ എന്നിവയുടെ ഓഹരി വിലയിൽ നേട്ടം പ്രതിഫലിക്കുന്നുണ്ട്.

ഇന്നു പൊതുവെ എഫ്എംസിജി കമ്പനികളും ടയർ, പെയിന്റ് , ഏവിയേഷൻ ഓഹരികളും തുടർന്നും മുന്നേറിയേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഐടിസി, ഹിന്ദുസ്ഥാൻ, യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കാനാണു സാധ്യതയെന്നാണു വിലയിരുത്തൽ. ഇന്നു കറൻസി വിപണിക്ക് അവധിയാണ്. എന്നാൽ എണ്ണവിലയിലെ ഇടിവിന്റെ പശ്ചാത്തലത്തിൽ നാളെ വീണ്ടും ഇന്ത്യൻ രൂപ കൂടുതൽ ശക്തിപ്രാപിക്കും എന്നു പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ  ടെക്നോളജി ഓഹരികളിൽ തുടർന്നും വിൽപന സമ്മർദം ഉണ്ടായേക്കുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. നിഫ്റ്റിക്കു ഇന്ന് 10576 ഇൽ ആദ്യ സപ്പോർട്ട് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു താഴേയ്ക്ക് ഇടിവുണ്ടായാൽ 10,544 ആയിരിക്കും അടുത്ത സപ്പോർട്ട് ലവൽ.