ചന്ദ്രബാബു നായി‍ഡുവിന്‍റെ സ്വത്തിൽ 12.5 കോടിയുടെ വർധന; പേരക്കുട്ടിക്ക് 18.71 കോടിയുടെ സ്വത്ത്

ഹൈദരാബാദ്∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിന്‍റെയും കുടുംബത്തിന്‍റെയും സ്വത്തിൽ ഒരു വർഷത്തിനിടെ 12.5 കോടിയിലേറെ രൂപയുടെ വർധന. സുതാര്യതയുടെ ഭാഗമായി കഴിഞ്ഞ എട്ടു വർഷമായി സ്വത്തുവിവരങ്ങൾ സ്വമേധയാ പരസ്യമാക്കുന്ന നായിഡു ഇന്നലെ പുറത്തുവിട്ട കണക്കുകളിലാണ് വർധന പ്രകടമായത്. 81.83 കോടി രൂപയാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ആകെയുള്ള സമ്പാദ്യം. കഴിഞ്ഞ വർഷം ഇത് 69.28 കോടി രൂപയായിരുന്നു. തിരഞ്ഞെടുപ്പിനോടു അനുബന്ധിച്ചു നൽകിയ സത്യവാങ്മൂലത്തിൽ 177 കോടി രൂപയുടെ ആകെ സ്വത്തുള്ളതായാണ് ചന്ദ്രബാബു നായിഡു കാണിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നായിഡുവിനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

നായിഡുവിന്‍റെ സ്വകാര്യ ആസ്തി മൂന്നു കോടി രൂപ വിലമതിക്കുന്നതാണ്. നേരത്തെ ഇതു 2.53 കോടി രൂപയായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ ഭാര്യയുടെ ആസ്തിയിൽ വലിയ വർധനവാണ് പ്രകടമായിട്ടുള്ളത്. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ആസ്തി ഇത്തവണ 31 കോടിയിലെത്തി നിൽക്കുന്നു. നായിഡുവിന്‍റെ മകനും മന്ത്രിയുമായ നര ലോകേഷിന്‍റെയും മുഖ്യമന്ത്രിയുടെ മൂന്നു വയസുകാരനായ പേരക്കുട്ടിയുടെയും സ്വത്തിന്‍റെ കാര്യത്തിലും സമാന വർധന പ്രകടമാണ്.

കഴിഞ്ഞ വർഷം 15.21 കോടി രൂപയായിരുന്നു നര ലോകേഷിന്‍റെ സ്വത്ത്. പുതിയ വെളിപ്പെടുത്തൽ പ്രകാരം ഇത് 21.40 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മന്ത്രിയുടെ മകനായ ദേവാൻഷിന്‍റെ സ്വത്ത് 11.54 കോടി രൂപയിൽ നിന്നും 18.71 കോടി രൂപയായാണ് വർധിച്ചിട്ടുള്ളത്. ചന്ദ്രബാബു നായിഡുവിനെക്കാൾ ആറുമടങ്ങു അധികം സ്വത്ത് പേരക്കുട്ടിക്ക് ഇപ്പോഴുണ്ടെന്ന് സാരം.

ബിസിനസിൽ നിന്നും രാഷ്ട്രീയത്തിലെത്തിയ നര ലോകേഷ് കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോള്‍ 330 കോടിയുടെ ആസ്തിയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനു ഏതാനും മാസങ്ങൾക്കു മുമ്പ് സ്വമേധയാ സ്വത്തു വിവരം പരസ്യമായി പ്രഖ്യാപിച്ചപ്പോൾ ഇത് 15 കോടിയിൽ താഴെയായിരുന്നു. എന്നാൽ തന്‍റെ കൈവശമുള്ള ഓഹരികളുടെ വാങ്ങിയ വില കണക്കാക്കിയാണ് താൻ സ്വമേധയായുള്ള പ്രഖ്യാപനം നടത്തിയതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നൽകിയ സത്യവാങ്മൂലത്തിൽ ഓഹരികളുടെ അന്നത്തെ വിപണി മൂല്യമാണ് കണക്കാക്കിയതെന്നും നര ലോകേഷ് പിന്നീട് വ്യക്തമാക്കിയിരുന്നു. കണക്കുകളിലെ വലിയ അന്തരം ഇതുമൂലമാണെന്നായിരുന്നു വിശദീകരണം. മന്ത്രിയുടെ ഭാര്യ ബ്രാഹ്മിണിയുടെ സ്വത്തു മൂല്യത്തിൽ പക്ഷേ, കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം 15.01 കോടി രൂപയായിരുന്നു സ്വത്തെങ്കിൽ ഇത്തവണയത് 7.72 കോടി രൂപയാണ്.

തെലുങ്കുദേശം നേതാക്കളുടെ വീടുകളിൽ ആദായനികുതി നടത്തുന്ന പരിശോധനകളെ എതിർത്ത് ചന്ദ്രബാബു നായിഡു നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണ് ഇത്തരം പരിശോധനകൾ എന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. സംസ്ഥാനത്തിന്‍റെ വികസനത്തിനു തടയിടുന്നതാണ് ഇത്തരം പരിശോധനകളെന്ന് മന്ത്രി കെ ശ്രീനിവാസലുവും കുറ്റപ്പെടുത്തിയിരുന്നു.