അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം: പൗരത്വ റജിസ്റ്ററിനെ പിന്തുണച്ച് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി ∙ അനധികൃതമായി ഇന്ത്യയിലേക്കു കടന്നവരെ നാടുകടത്തുന്നതിനെ അനുകൂലിക്കുന്നതായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അസമില്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ദേശസുരക്ഷയ്ക്കു തുരങ്കം വയ്ക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എന്‍ആര്‍സിയെ പിന്തുണച്ച് കരസേനാ മേധാവി രംഗത്തെത്തിയത്. അവര്‍ നിയമവിരുദ്ധമായി എത്തിയതാണെങ്കില്‍ നാടുകടത്തണം. അല്ലെങ്കില്‍ അവരെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണം. അത്തരം ഉള്‍പ്പെടുത്തല്‍ ഒരിക്കലും രാഷ്ട്രീയ കാഴ്ചപ്പാടോടെ ആകരുതെന്നും അദ്ദേഹം പറഞ്ഞു. എന്‍ആര്‍സിയില്‍ ഉള്‍പ്പെടുത്താനുള്ള കാലാവധി മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിക്കും. 

ചില രാഷ്ട്രീയക്കാര്‍ അനധികൃത കുടിയേറ്റക്കാരെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടി ബിജെപിയേക്കാള്‍ വേഗത്തിലാണു വളര്‍ന്നത്. ഇതു തുടര്‍ന്നാല്‍ അസമിന്റെ കാര്യം എന്താകും? ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിനെതിരായി ഉയര്‍ന്നുവരുന്ന ഭൂരിപക്ഷം വ്യാജഏറ്റുമുട്ടല്‍ ആരോപണങ്ങളും മനുഷ്യാവകാശലംഘന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. സൈനികര്‍ക്കെതിരേ തെറ്റായ കേസുകള്‍ നല്‍കുന്ന സംഘടനകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.