കോട്ടയത്ത് അധ്യാപകൻ കോളജ് കെട്ടിടത്തിനു മുകളിൽനിന്നു വീണു മരിച്ചു

ജോർജ് തോമസ്

കോട്ടയം ∙ കുറവിലങ്ങാട് ദേവമാതാ കോളജ് അധ്യാപകൻ മുട്ടുചിറ കുഴിവേലിൽ ജോർജ് തോമസ് (45) കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു വീണു മരിച്ചു.രാവിലെ എട്ടരയോടെയാണു സംഭവം. കോളജിന്റെ പ്രധാന മന്ദിരത്തിന്റെ മുൻഭാഗത്തിന്റെ മുഖപ്പിലെ മൂന്നാം നിലയിലുള്ള ജനാലയിൽനിന്ന് 36 അടി താഴെ കോൺക്രീറ്റ് ചെയ്ത തറയിലേക്കാണു വീണത്.

കോളജിലെ ഒരു വിദ്യാർഥിയാണ് അധ്യാപകൻ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇംഗ്ലിഷ് വിഭാഗത്തിലെ മുറിയുടെ ജനൽ തുറന്നപ്പോൾ താഴേക്കു വീഴുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.