വിമാനം തകര്‍ക്കുമെന്നു ഭീഷണി; ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ∙ വിമാനം തകര്‍ക്കുമെന്ന ഭീഷണി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്‌ യാത്രക്കാരനെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത-മുംബൈ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ എത്തിയ യോഗ് വേദന്‍ പൊദ്ദാര്‍ എന്ന യാത്രക്കാരനെയാണു അറസ്റ്റ് ചെയ്തത്.

മുഖംമൂടി ധരിച്ചയാളിന്റെ ഫോട്ടോ, ഇയാള്‍ വിമാനം തകര്‍ക്കും എന്ന അറിയിപ്പോടെ ഫോണില്‍ അയയ്ക്കുന്നതു കണ്ടതിനെ തുടര്‍ന്നാണ് അറസ്‌റ്റെന്നു പൊലീസ് അറിയിച്ചു. മുംബൈയിലേക്കു പോകാനായി ജെറ്റ് എയര്‍വെയ്‌സ് വിമാനം രാവിലെ 8.15-നു റണ്‍വേയില്‍ എത്തിയപ്പോഴാണ് സംഭവം. ഭീകരന്‍, തകര്‍ക്കല്‍ തുടങ്ങിയ വാക്കുകളോടെ മുഖംമൂടി ധരിച്ചയാളിന്റെ ചിത്രം യോഗ് വേദന്‍ പൊദ്ദാര്‍ അയയ്ക്കുന്നതു ശ്രദ്ധയില്‍പെട്ട സഹയാത്രികന്‍ വിവരം വിമാനജീവനക്കാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനത്താവളത്തിലെ പാര്‍ക്കിങിലേക്കു മടങ്ങിയ വിമാനത്തില്‍നിന്നു യോഗ് വേദനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്. യോഗിന്റെ കുടുംബത്തെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. സുഹൃത്തുളെ ആരെയെങ്കിലും പറ്റിക്കാനാവും മകന്‍ ശ്രമിച്ചതെന്നു യോഗിന്റെ പിതാവ് പറഞ്ഞു. പരിശോധനകള്‍ക്കു ശേഷം വിമാനം മുംബൈയ്ക്കു പറന്നു.