ട്രെയിനുള്ളപ്പോൾ വിമാനത്തിലെ വെബ് ചെക്ക്–ഇന്നിന് പണമോ ! ഇൻഡിഗോയെ കൊട്ടി റെയിൽവെ

ന്യൂഡൽഹി ∙ ‘എളുപ്പം ഒരു ട്രെയിനിൽ യാത്ര ചെയ്യാമെന്നിരിക്കെ വിമാനങ്ങളില്‍ വെബ് ചെക്ക് – ഇന്നിന് എന്തിനു പണം നൽകണം"  - ഇന്ത്യൻ റെയിൽവെ തിങ്കളാഴ്ച ചെയ്ത ഒരു ട്വീറ്റാണിത്. എതിരാളികളുടെ വീഴ്ചകൾ മുതലെടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന നവയുഗ വിപണന തന്ത്രം പയറ്റുകയാണ് ഈ ട്വീറ്റിലൂടെ റെയിൽവെ. വെബ് ചെക്ക്–ഇൻ വഴി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് അധിക പണം ഈടാക്കാനുള്ള ഇൻഡിഗോ എയർലൈൻസിന്റെ തീരുമാനത്തിനെതിരെ പുകയുന്ന ജനരോഷമാണ് പരിഹാസം കലർന്ന ഈ ട്വീറ്റിനു പിന്നില്‍. ഇൻഡിഗോയിൽനിന്നു യാത്രക്കാരെ റാഞ്ചാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരാഴ്ചക്കിടെ റെയില്‍വെ നടത്തുന്ന രണ്ടാമത്തെ ട്വീറ്റാണിത്. 

‘വെബ് ചെക്ക് ഇന്നുകൾക്ക് അധികം പണം നൽകേണ്ടതില്ല. ലഗേജ് ചെക്ക്–ഇൻ ചെയ്യാനായി നീണ്ട നിരകളില്ല. ഏറെ പാരമ്പര്യമുള്ള, നന്മ നിറഞ്ഞ ഇന്ത്യൻ റെയിൽവേയിൽ മിതമായ നിരക്കുകളിൽ യാത്ര ചെയ്ത് അനാവശ്യ നിരക്കുകൾ ഒഴിവാക്കുകയും നിങ്ങളുടെ കാർബൺ ഫൂട്ട്പ്രിന്‍റ് കുറയ്ക്കുകയും ചെയ്യാം" – റെയിൽവെയുടെ ട്വീറ്റ് പറയുന്നു. റെയിൽവെ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. 

നവംബർ 14 മുതലാണ് വെബ് ചെക്ക് – ഇന്‍ വഴി സീറ്റുകൾ മുൻക്കൂട്ടി ബുക്ക് ചെയ്യുന്നതിന് ഇൻഡിഗോ പണം ഈടാക്കിത്തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നതോടെ, ഇതു പരിശോധിക്കാമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നയത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും വെബ് ചെക്ക് –ഇൻ വഴി സീറ്റുകൾ തിരഞ്ഞെടുക്കുന്നതിനു മാത്രമാണ് അധിക തുക ഈടാക്കുന്നതെന്നുമാണ് ഇൻഡിഗോ നൽകുന്ന വിശദീകരണം. വെബ് ചെക്ക്–ഇൻ സംവിധാനത്തിന് അധിക നിരക്ക് ഈടാക്കുന്നില്ലെന്നും കമ്പനിയുടെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇഷ്ടമുള്ള സീറ്റ് നേരത്തെ ബുക്ക് ചെയ്യാതെയും വെബ് ചെക്ക്–ഇൻ ചെയ്യാം. ഈ സമയത്ത് ലഭ്യമായ സൗജന്യ സീറ്റുകളിലൊന്ന് ലഭിക്കും. വിമാനത്താവളത്തിലെത്തി ചെക്ക്–ഇൻ ചെയ്യുകയാണെങ്കിൽ ആ സമയം ലഭ്യമായ സീറ്റ് നൽകുന്നതു തുടരുമെന്നും ഇൻഡിഗോ അറിയിച്ചു.