വിപണി മികച്ച നിലയിൽ; എണ്ണയ്ക്ക് വിലവർധന; ഡോളർ നില മെച്ചപ്പെടുത്തുന്നു

കൊച്ചി ∙ ഓഹരി വിപണി മികച്ച മുന്നേറ്റത്തോടെ ഇന്ന് ഓപ്പൺ ചെയ്തു. ഇന്നലെ 10685.60 പോയിന്റിൽ ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10708.75 പോയിന്റിൽ ഓപ്പൺ ചെയ്തു. ഒരുവേള 10742.40 വരെ എത്തിയ നിഫ്റ്റി പോസിറ്റീവ് പ്രവണതയിലാണുള്ളത്. 35513.14 ൽ ഇന്നലെ ക്ലോസ് ചെയ്ത സെൻസെക്സാകട്ടെ ഇന്ന് 35635.52 നാണ് ഓപ്പൺ ചെയ്തത്. ഇതിനിടെ ഒരുവേള 35758.87 വരെ സെൻസെക്സ് എത്തിയിരുന്നു. യുഎസ്, യൂറോപ്യൻ വിപണികൾ അത്ര മികച്ച നിലയിൽ അല്ലാതിരുന്നിട്ടും ഏഷ്യൻ വിപണിയും ഇന്ത്യൻ വിപണിയും മികച്ച നിലയിലാണുള്ളത്. നിഫ്റ്റി ഇന്ന് 10750ന് മുകളിൽ ക്ലോസിങ് ലഭിച്ചാൽ വരും ദിവസങ്ങളിൽ 10850 വരെ എത്തിയേക്കാമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഇതിനിടെ ഇടിവ് പ്രവണതയുണ്ടായാൽ 10700–10650 ആയിരിക്കും സപ്പോർട് ലവൽ. ഇന്നത്തെ റസിസ്റ്റൻസ് ലവൽ 10740–10780 ആയിരിക്കും.

ഇന്ന് റിയൽറ്റി, ഫാർമ ഒഴികെയുള്ള സെക്ടറുകൾ മികച്ച നിലയിലാണ്. മീഡിയ, ഐടി, ഫിനാൻസ് സർവീസ്, ബാങ്ക് സെക്ടറുകളാണ് ഏറ്റവും ഉയർന്ന നിലയിലുള്ളത്. വിപണിയിൽ 827 സ്റ്റോക്കുകൾ ലാഭത്തിലും 782 സ്റ്റോക്കുകൾ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സീ ടെലി, ഇൻഫോസിസ്, ടിസിഎസ്, ഹീറോ മോട്ടോഴ്സ് സ്റ്റോക്കുകളിലാണ് ഏറ്റവും മികച്ച നിലയിൽ വ്യാപാരം നടക്കുന്നത്. അതേസമയം യെസ് ബാങ്ക്, ഇൻഫ്രാ ടെൽ, ഐഒസി, ബിസിപിഎൽ സ്റ്റോക്കുകളാണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്.

ഡോളറിനെതിരെ ഇന്ത്യൻ കറൻസി നില മെച്ചപ്പെടുത്തുന്നതാണ് ഏതാനും ദിവസമായി ദൃശ്യമാകുന്നത്. ഇന്നലെ 70.76ന് ക്ലോസ് ചെയ്ത ഡോളർ 70.64 നാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. ഇതിനിടെ വ്യാപാരം 70.90 വരെ എത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ ഒരു ശതമാനത്തിലേറെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഓയിൽ കമ്പനി സ്റ്റോക്കുകളുടെ വിലയിടിവിനു കാരണമായിട്ടുണ്ട്. യുഎസ് വിപണി ഇന്നലെ നേരിയ വർധന മാത്രം രേഖപ്പെടുത്തി ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണിയാകട്ടെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഏഷ്യൻ, ഇന്ത്യൻ വിപണികളിൽ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.