വിപണിയിൽ രൂപ കരുത്തു കാട്ടുന്നു; നേട്ടമായി ക്രൂഡ് വില ഇടിവ്

കൊച്ചി ∙ ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ കാളക്കുതിപ്പ്. 200 ദിവസത്തെ മൂവിങ് ആവറേജിനും 100 പോയിന്റ് മുകളിൽ ക്ലോസിങ് ലഭിച്ചതോടെ വരുംദിവസങ്ങളിലും വിപണി പോസിറ്റീവ് പ്രവണത തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡറൽ പലിശനിരക്ക് പ്രതീക്ഷിച്ചത്ര ഉയർത്തില്ലെന്ന സെൻട്രൽ ബാങ്ക് ചെയർപേഴ്സൻ ജെറോം പവൽ നടത്തിയ പ്രസ്താവന നൽകിയ കരുത്തിൽ നിഫ്റ്റി 1.21 ശതമാനം വർധനവിൽ 10858.70ന് ക്ലോസ് ചെയ്തു. സെൻസെക്സാകട്ടെ 1.27 ശതമാനം വർധനവോടെ 36170.41ല്‍ ക്ലോസ് ചെയ്തു.

രൂപ കരുത്തു കാണിച്ചതോടെ ഐടി സെക്ടറിന് 1.15 ശതമാനം ഇടിവു നേരിടേണ്ടി വന്നു. മറ്റു സെക്ടറുകൾ എല്ലാം ലാഭത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, ഫിനാൻഷ്യൽ സർവീസസ്, ബാങ്ക്, എഫ്എംസിജി എന്നിവയാണു മികച്ച നിലയിൽ ക്ലോസ് ചെയ്ത സെക്ടറുകൾ. വിപണിയിൽ 863 സ്റ്റോക്കുകൾ ലാഭത്തിലും 858 സ്റ്റോക്കുകൾ നഷ്ടത്തിലുമാണു ക്ലോസ് ചെയ്തത്. ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, ബജാജ് ഓട്ടോ, ഹിൻഡാൽകോ സ്റ്റോക്കുകൾ ഏറ്റവുമധികം ലാഭമുണ്ടാക്കി. എച്ച്സിഎൽ ടെക്, ഒഎൻജിസി, ടെക് മഹീന്ദ്ര, എൻടിപിസി സ്റ്റോക്കുകളാണു നഷ്ടമുണ്ടാക്കിയവ.

നിഫ്റ്റി വരും ദിവസങ്ങളിൽ 10850 പോയിന്റിനു മുകളിൽ വ്യാപാരം തുടരാനാണു സാധ്യത. അങ്ങനെയാണെങ്കിൽ നിഫ്റ്റി 11,100 പോയിന്റ് വരെ ഉയർച്ച രേഖപ്പെടുത്താമെന്നു വിലയിരുത്തുന്നതായി സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഇതിനിടെയിലുള്ള ചെറിയൊരു റെസിസ്റ്റൻസ് ലവൽ 10955 ആയിരിക്കും. വരും ദിവസത്തെ സപ്പോർട് ലവൽ 10800–10750– ആയിരിക്കും എന്നാണു വിലയിരുത്തൽ.

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില തുടർ‍ച്ചയായി ഇടിവ് രേഖപ്പെടുത്തുകയാണ്. ഡോളറിനെതിരെ രൂപയും മികച്ച നിലയിലായിട്ടുണ്ട്. ഇന്നലെ 70.62ന് വ്യാപാരം ആരംഭിച്ച രൂപ ഇപ്പോൾ 69.85ലാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഫെഡറൽ പലിശ നിരക്ക് കാര്യമായി വർധിക്കില്ലെന്ന പ്രഖ്യാപനം അമേരിക്കയിൽ നിന്ന് കൂടുതൽ ഫണ്ടുകൾ ഇന്ത്യ പോലെയുള്ള എമേർജിങ് മാർക്കറ്റുകളിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.

ഇതും രൂപ ശക്തിപ്പെട്ടതും ഇന്ധന വിലയിടിവും ഇന്ത്യൻ വിപണിക്കു ഗുണകരമായിട്ടുണ്ട്.  ഇപ്പോൾ യൂറോപ്യൻ വിപണികളിൽ പോസിറ്റീവായാണു വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യൻ വിപണി ഉയർന്ന നിലയിൽ സ്ഥിരത കൈവരിക്കുമെന്നു പ്രതീക്ഷിക്കുമ്പോഴും ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണുള്ളത്.