ഓഹരി വിപണിയിൽ കുതിപ്പ് തന്നെ; രൂപയുടെ മൂല്യ വർധനയും തുടരുന്നു

പ്രതീകാത്മക ചിത്രം

കൊച്ചി∙ ഇന്ത്യൻ വിപണിയിലേയ്ക്കു പണത്തിന്റെ ഒഴുക്കു വർധിക്കുമെന്ന പ്രതീക്ഷകളിൽ വിശ്വാസമർപ്പിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ പ്രകടമാകുന്ന കുതിപ്പ് ഇന്നും തുടരുന്നു. ഇന്നലെ 10858.70ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10892.10ലാണ് വ്യാപാരം ആരംഭിച്ചത്. ഒരുവേള 10922.10 വരെയും നിഫ്റ്റി എത്തിയിരുന്നു. 36170.41ൽ ക്ലോസ് ചെയ്ത സെൻസെക്സ് 36304.43ലാണ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ വിപണി ശക്തമായ ഉയർച്ചയുടെ ലക്ഷണങ്ങൾ പ്രകടമാക്കുമ്പോൾ രാജ്യാന്തര വിപണികളിലും ഏഷ്യൻ വിപണികളിലും ഈ പ്രവണത ദൃശ്യമല്ല. ഇന്നലെ യുഎസ് മാർക്കറ്റ് നേരിയ ഇടിവോടെ ക്ലോസ് ചെയ്തപ്പോൾ യൂറോപ്യൻ വിപണി നേരിയ ഉയർച്ചയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഏഷ്യൻമാർക്കറ്റിലും സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്.

വരുന്ന ആഴ്ചകളിലും ഇന്ത്യൻ വിപണിയിൽ ഉണർവ് തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് നിഫ്റ്റി 10925ന് മുകളിലാണ് വ്യാപാരമെങ്കിൽ 10970 ആയിരിക്കും റെസിസ്റ്റൻസ് ലവൽ. 10880–10850 ആണ് സപ്പോർട് ലവലെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. നിലവിൽ മെറ്റൽ, ബാങ്ക് സെക്ടറുകൾ ഒഴികെയുള്ള എല്ലാ സെക്ടറുകളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. റിയൽറ്റി, ഐടി, ഫാർമ, ഓട്ടോ സെക്ടറുകളാണ് മികച്ച നേട്ടത്തിലുള്ള സെക്ടറുകൾ. കൂടുതൽ സ്റ്റോക്കുകൾ ലാഭത്തിലേയ്ക്കെത്തിയിട്ടുണ്ട്. 930 സ്റ്റോക്കുകൾ ലാഭത്തിലും 672 സ്റ്റോക്കുകൾ നെഗറ്റീവായും വ്യാപാരം തുടരുന്നു. യെസ് ബാങ്ക്, എംആൻഡ്എം, വിപ്രോ, സിടെലി സ്റ്റോക്കുകളാണ് ഉയർന്ന ലാഭത്തിലുള്ള സ്റ്റോക്കുകൾ. അതേ സമയം ടാറ്റാ മോട്ടോഴ്സ്, ഇൻഫ്രാ ടെൽ, എൻടിപിസി, യുപിഎൽ സ്റ്റോക്കുകൾ നഷ്ടത്തിലാണ് വ്യാപാരം.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കാര്യമായ വിലവ്യതിയാനമില്ല. ഡോളറിനെതിരെ ഇന്ത്യൻ രൂപ നില കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് ഏതാനും ദിവസങ്ങളായി കണ്ടു വരുന്നത്. അത് ഇന്നും തുടരുന്നു. ഇന്നലെ 69.84ൽ വ്യാപാരം ആരംഭിച്ച ഡോളർ ഇപ്പോൾ 69.64ലാണ് വ്യാപാരം പുരോഗമിക്കുന്നത്. രൂപയുടെ മൂല്യം ഇപ്പോൾ മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുന്നതും വിദേശനിക്ഷേപം കൂടുതലായി ഇന്ത്യയിലേയ്ക്ക് എത്തിയതുമാണ് രൂപയ്ക്ക് തുണയായി മാറിയത്. ഡോളറിന്റെ വിലയിടിവ് രാജ്യത്ത് വിലക്കയറ്റം കുറയുന്നതിന് സഹായിക്കും.