ഇന്ത്യൻ വിപണിയിലെ നേട്ടം തുടരുമോ?; ശ്രദ്ധിക്കേണ്ട സെക്ടറുകളും ഓഹരികളും

കൊച്ചി ∙ അനുകൂല ഘടകങ്ങൾ ഏറെ ഉണ്ടായിട്ടും രാജ്യാന്തര ഘടകങ്ങളുടെ സമ്മർദത്താൽ മുന്നേറാനാകാതെ പോയ ഇന്ത്യൻ വിപണി കഴിഞ്ഞയാഴ്ച നേട്ടം കൊയ്യുന്ന കാഴ്ചയാണു കണ്ടത്. ക്രൂഡ് ഓയിൽ വില ബാരലിന് 50 ഡോളറിൽ താഴെ വന്നതും വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിലേക്കു തിരിച്ചുവരവു തുടങ്ങിയതും നേട്ടം തിരിച്ചുപിടിക്കാൻ കാരണമായി.

കമ്പനികൾ പുറത്തുവിട്ട മികച്ച ലാഭത്തിന്റെ കണക്കുകളും നേട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. മികച്ച ഓട്ടോഡേറ്റ പ്രതീക്ഷിച്ചു വാഹന നിർമാണ ഓഹരികൾക്ക് ആവശ്യക്കാരേറിയതും വിപണിക്ക് ആക്കം നൽകി.

യുഎസ് ഫെഡ് റിസർവിന്റെ ചെയർമാൻ ജറോം പവൽ ബുധനാഴ്ച നടത്തിയ ‘പലിശ നിരക്ക് ന്യൂട്രലിനടുത്തായിരിക്കും’ എന്ന പ്രഖ്യാപനം ഇന്ത്യ ഉൾപ്പടെയുള്ള എമർജിങ് മാർക്കറ്റുകൾക്കു മികച്ച നേട്ടമാണു നൽകിയത്. തൊട്ടുപിന്നാലെ തന്നെ വികസ്വര വിപണികളിലേക്കു ഫണ്ടുകൾ തിരികെ എത്തിത്തുടങ്ങി.

അമേരിക്കൻ ഇൻഡക്സുകളും കഴിഞ്ഞയാഴ്ച വലിയ കുതിപ്പാണു പ്രകടമാക്കിയത്. ഡൗ ജോൺസ് 600 പോയിന്റ് കയറി. എന്നാൽ ഇതിനു വിപരീതമായ ഏതു വാർത്തയും  വിപണിയെ തിരികെ കരടികളുടെ കയ്യിൽ ഏൽപിച്ചേക്കാമെന്നു ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പൂവൻതുരുത്തിൽ വിലയിരുത്തുന്നു. 

സ്ഥിരതയിൽ സ്വർണം

സ്റ്റീൽ വിപണി വലിയ ചാഞ്ചാട്ടത്തിന്റെ പാതയിൽ ആണ്. ചൈനയുടെ കൂടിയ വിതരണത്തോത് വില കുറയുന്നതിനു കാരണമായിട്ടുണ്ട്. ഇത് ഇന്ത്യൻ സ്റ്റീൽ ഉത്പാദക കമ്പനികളുടെ ഓഹരികളുടെ വില കുറയുന്നതിനു കാരണമാകുന്നു. എന്നാൽ സ്വർണം താരതമ്യേന സ്ഥിരത പുലർത്തുന്നു.

ചാഞ്ചാടി ക്രൂഡ് ഓയിൽ

2018 ന്റെ രണ്ടാം പാദത്തിൽ ക്രൂഡ് ഓയിൽ വിലയിൽ എക്കാലത്തെയും വലിയ ചാഞ്ചാട്ടമാണു നടന്നു കൊണ്ടിരിക്കുന്നത്. 4 വർഷത്തെ ഏറ്റവും വലിയ വിലയായ ബാരലിന് 80 ഡോളർ എന്ന നിലയിൽനിന്നു ചരിത്രത്തിലെ ഏറ്റവും വലിയ വിലനഷ്ടത്തിലൂടെ 50 ശതമാനം കുറഞ്ഞ് 40 ഡോളർ എന്ന നിലയിലേക്കു വീഴുമെന്നു കണക്കുകൂട്ടുന്നു.

വിയന്നയിൽ നടക്കാൻ പോകുന്ന ഒപെക് മീറ്റിങ്ങിൽ സൗദി അറേബ്യയുടെ നടപടികളും യുഎസ് ഫെഡ് റേറ്റ് വർധനവും ചൈന-അമേരിക്ക വ്യാപാരയുദ്ധവും അമേരിക്ക എണ്ണ ഉത്പാദനം വർധിപ്പിക്കുന്നതും എണ്ണവിലയെ ഇനിയും താഴ്ത്തിയേക്കാം. വികസ്വര വിപണികൾക്കും പ്രത്യേകിച്ച‌് ഇന്ത്യൻ വിപണിക്കും ഗുണകരമാകും.

ഡിസംബർ ആറിലെ ഒപെക് മീറ്റിം‌‌ങ്ങിൽ സൗദിയുടെ നിലപാടും അതിനോടുള്ള അംഗരാജ്യങ്ങളുടെ പ്രതികരണവുമാകും എണ്ണവിലയെ ഏറ്റവും കൂടുതൽ ബാധിക്കുക. വില ഉയർത്താനായി ഉത്പാദനം കുറയ്ക്കുക എന്ന സൗദിയുടെ നിലപാടിനോട് ഒപെകിൽ എത്രകണ്ടു പിന്തുണയുണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കും എണ്ണയുടെ ഭാവി. റഷ്യ ഉത്പാദനം കുറച്ചേക്കാനും ഇടയുണ്ട്. എന്നാൽ അമേരിക്ക തങ്ങളുടെ ഓയിൽ ഇൻവെന്ററി വർധിപ്പിക്കുകയാണ്.

ആർബിഐ നടപടികൾ

രാജ്യത്തിനു പുറത്തുനിന്നുള്ള കടമെടുക്കലിനായി (ഇസിബി) നിർബന്ധമാക്കിയിരുന്ന ഹെഡ്ജിങ് പ്രൊവിഷൻ 100 ശതമാനത്തിൽ നിന്നു 70 ശതമാനമാക്കി ആർബിഐ കുറച്ചതു വിപണിക്ക് അനുകൂലമാണ്. മാർച്ച് 2019ഓടു കൂടി വീണ്ടും പൊതുമേഖല ബാങ്കുകളിലേക്ക് 420 ബില്യൻ രൂപ സർക്കാർ നിക്ഷേപിക്കും എന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യം 113 ബില്യൻ ഇങ്ങനെ പൊതുമേഖലാ ബാങ്കുകളിലേക്ക് വിന്യസിച്ചിരുന്നു.

പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളെ, പ്രത്യേകിച്ച് എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയെ  പുതിയ നിലവാരത്തിലേക്ക് എത്തിച്ചേക്കാം. ഡിസംബർ അഞ്ചിന് ആർബിഐ പ്രഖ്യാപിക്കുന്ന പലിശനിരക്ക് തീരുമാനങ്ങളും വിപണിയെ ചലിപ്പിക്കും.

എൻബിഎഫ്സികളുടെ അസറ്റ് സെക്യൂരിറ്റിസഷൻ നിലപാടുകൾ മയപ്പെടുത്തിയത്, എൻബിഎഫ്സികളുടെയും എച്ച്എഫ്സികളുടെയും വില ഉയരുന്നതിനു കാരണമായി. ബജാജ് ഫിനാൻസ്, എസ്ആർടി ഫിനാൻസ്, എൽആൻഡിടി ഫിനാൻസ് എന്നിവ നിക്ഷേപകർക്ക് അനുകൂലമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 

റേറ്റിങ് പുനർ നിർണയങ്ങൾ

എച്ച്എസ്ബിസിയും മോർഗൻ സ്റ്റാൻലിയും ഇന്ത്യയുടെ റേറ്റിങ് ന്യൂട്രൽ, ഓവർ വെയ്റ്റ് എന്നീ നിലവാരങ്ങളിലേക്കു യഥാക്രമം ഉയർത്തിയതു വിപണിക്കു ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും. ഇതു കൂടുതൽ ദീർഘകാല വിദേശ-സ്വദേശ നിക്ഷേപങ്ങൾ വിപണിയിൽ എത്തുന്നതിനു കാരണമാകും. വിപണി കൂടുതൽ കരുത്തും സ്ഥിരതയും കൈവരിക്കും.

ചൈന– യുഎസ് വ്യാപാര യുദ്ധം

ചൈനയിൽനിന്നുള്ള ഉപഭോക്തൃ വസ്തുക്കളുടെ മേൽ 226 ബില്യൻ ഡോളറിന്റെ അധിക നികുതി പ്രഖ്യാപിച്ച നടപടികൾ അമേരിക്കൻ ഓഹരി വിപണി ഉയരാൻ ഇടയാക്കിയെങ്കിലും ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ചൈനീസ് ലാപ്ടോപുകൾക്കു അമേരിക്ക 10 ശതമാനം അധിക നികുതിയാണു ചുമത്താൻ പോകുന്നത്.

ഈ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ തമ്മിൽ അർജന്റീനയിലെ ജി-20 മീറ്റിങ്ങിൽ നടത്തുന്ന കൂടിക്കാഴ്ചയിലേക്കും തീരുമാനങ്ങളിലേക്കും വിപണി ഉറ്റുനോക്കുന്നു. വ്യാപാര യുദ്ധം ഇനിയും കനക്കാനിടയുണ്ട് എന്ന് തന്നെയാണു സൂചന.

ഈ ആഴ്ച ഓർക്കാൻ

ഇന്നത്തെ ഓട്ടോ സെയിൽ ഡേറ്റയിലേക്കു വിപണി വളരെ ശ്രദ്ധയോടെയാണു നോക്കുന്നത്. വിൽപന വർധനവ് വിപണിക്ക് ഉണർവേകും. ഇന്നത്തെ യുഎസ് ഫെഡ് റിസർവ് മീറ്റിങ്ങിലെ തീരുമാനങ്ങളും പ്രധാനമാണ്. ഡിസംബർ അഞ്ചിലെ ആർബിഐയുടെ പുതിയ പലിശ നിരക്കുകൾ, ജി‍ഡിപിയുടെ വളർച്ചാ നിരക്ക് 7 .1 ശതമാനമായി കുറഞ്ഞത് എന്നിവ വിപണിയുടെ കുതിപ്പിനു തടസമാകും.

ഡിസംബർ ആറിനു വിയന്നയിലെ ഒപെക് മീറ്റിങ്, പതിനൊന്നാം തീയതി വരുന്ന 5 സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവ വിപണിയെ ഇളക്കിമറിക്കുകയൊന്നുമില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഗതി നിർണയിക്കും

ശ്രദ്ധിക്കേണ്ട സെക്ടറുകളും ഓഹരികളും

ജെഎസ്ഡബ്ല്യു സ്റ്റീലിന്റെയും ജെസ്പിഎല്ലിന്റെയും റേറ്റിങ് മോർഗൻ സ്റ്റാൻലി കുറച്ചതു സ്റ്റീൽ ഓഹരികളിൽ ദീർഘകാല വിൽപന സമ്മർദം ഉണ്ടാക്കിയേക്കാം. ചൈനയിൽ സ്റ്റീൽ ലഭ്യത വർദ്ധിക്കുന്നതു രാജ്യാന്തര വിപണിയിലെ സ്റ്റീൽവില കുറക്കുന്നതിനും സ്റ്റീൽ കമ്പനി ഓഹരികളുടെ വില കുറയുന്നതിനും കാരണമായേക്കാം.

എണ്ണവില കുറയുന്നതു പൊതുവിൽ എണ്ണകമ്പനികളുടെ ഓഹരിവില കുതിക്കുന്നതിനു കാരണമാകും. കമ്പനികളുടെയും സ്വകാര്യ ബാങ്കുകളുടെയും ചാർട്ടുകൾ പുതിയ ഉയരങ്ങളുടെ സാധ്യതയാണു കാണിക്കുന്നത്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ  ഓഹരികൾ ദീർഘകാല നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്.