അതിർത്തിക്കപ്പുറത്ത് ‘മിന്നൽ’ ഉറപ്പിച്ച് ഇന്ത്യ; പ്രഹരവീര്യവുമായി പ്രത്യേക കമാൻഡോ സംഘം

റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കുന്ന എൻഎസ്ജി കമാൻഡോകൾ. – ഫയൽ ചിത്രം.

ന്യൂഡൽഹി ∙ അതിർത്തി കടന്നു ശത്രുസേനയ്ക്കെതിരായ ‘മിന്നൽ പ്രഹര’ത്തിനായി മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉൾപ്പെടുത്തി പ്രത്യേക ‘മിന്നൽ പ്രഹര’ സംഘത്തിനു രൂപംകൊടുക്കാൻ സർക്കാർ ഒരുങ്ങുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ അതിർത്തി കടന്നെത്തി അധികനാശം വിതയ്ക്കാൻ പര്യാപ്തമായ പ്രത്യേക സംഘം രൂപീകരിക്കാനാണു ശ്രമമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ  ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി. 

റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുക്കുന്ന പാരാ കമാൻഡോകൾ. – ഫയൽ ചിത്രം.

2016 സെപ്റ്റംബറിൽ രാജ്യത്തെ പ്രത്യേക സേനകൾ അതിർത്തി കടന്ന് ഏഴു തീവ്രവാദ പോർമുഖങ്ങളിലേക്കു നടത്തിയ മിന്നൽ ആക്രമണത്തിനു സമാനസാഹചര്യങ്ങളിൽ നിയോഗിക്കാനാണു പ്രത്യേക സേനാ സംഘത്തെ രൂപീകരിക്കുന്നത്.

ഇന്ത്യൻ നാവിക സേനയിലെ പ്രത്യേക കമാൻഡോ വിഭാഗമായ മാർക്കോസ് അംഗം ഒരു പ്രത്യേക പരിശീലന പ്രദർശനത്തിൽ. – ഫയൽ ചിത്രം.

കര, വ്യോമ, നാവിക സേനകളിലെ മികച്ച അംഗങ്ങളെ ഉൾപ്പെടുത്തിയാകും ഈ പ്രത്യേക സംഘം രൂപീകരിക്കുകയെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ നാവിക സേനയിലെ പ്രത്യേക കമാൻഡോ വിഭാഗമായ മാർക്കോസ് ഒരു പ്രത്യേക പരിശീലന പ്രദർശനത്തിൽ. – ഫയൽ ചിത്രം.

കര, നാവിക, വ്യോമ സേനകൾക്ക് പാരാ സ്പെഷൽ ഫോഴ്സ്(കരസേന), ഗരുഡ്(വ്യോമസേന), മറൈൻ കമാൻഡോ–മാർക്കോസ്(നാവികസേന) എന്നിങ്ങനെ പ്രത്യേക കമാൻഡോ വിഭാഗങ്ങളുണ്ട്. യുദ്ധതന്ത്രത്തിൽ രാജ്യാന്തര മികവു കാട്ടുന്ന ഈ വീരയോദ്ധാക്കളിൽ നിന്നാണു മിന്നൽ ആക്രമണത്തിനു സജ്ജമായ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. കരസേനാ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘത്തിൽ ആസൂത്രണത്തിനും നടപ്പാക്കലിനും രണ്ടു വിഭാഗങ്ങളാണുണ്ടാകുക.

ഇന്ത്യൻ നാവിക സേനയിലെ പ്രത്യേക കമാൻഡോ വിഭാഗമായ മാർക്കോസ് ഒരു പ്രത്യേക പരിശീലന പ്രദർശനത്തിൽ. – ഫയൽ ചിത്രം.

ആസൂത്രണത്തിനുള്ള വിഭാഗത്തിൽ 96 പേരും അതു നടപ്പാക്കാനുളള വിഭാഗത്തിൽ 124 പേരും ഉൾപ്പെടെ 220 പേരെ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. നടപടിക്കുള്ള വിഭാഗത്തെ – ലോകത്തെ ഇത്തരം പ്രത്യേക സേനകളിൽ ഉള്ളതു പോലെ – ആക്രമണം, പിന്തുണ എന്ന തരത്തിൽ വീണ്ടും രണ്ടായി തിരിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പദ്ധതി പ്രകാരമാണ് ഇത്തരം ഒരു പ്രത്യേക സംഘത്തിനു രൂപം നൽകിയതെന്ന് ദേശീയ സുരക്ഷാ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സംഘത്തിന് ഭരണാനുമതിക്കുള്ള അപേക്ഷ കേന്ദ്ര മന്ത്രിസഭാ സമിതിക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. ആകാശത്തിലൂടെയും കടൽമാർഗവുമുളള ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ദ്രുതഗതിയിലുള്ള പ്രത്യാക്രമണം ഉറപ്പാകാനാണു ശ്രമമെന്ന് അദ്ദേഹം വിശദീകരിച്ചു.

പോർക്കളത്തിലെ മികവിനൊപ്പം അത്യാധുനിക ഭൂപടങ്ങളും വ്യോമസേനാ പിന്തുണയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ പ്രത്യേക സേനാ സംഘത്തിനു മികച്ച പരിശീലനം ഉറപ്പാക്കും. ആക്രമണ ലക്ഷ്യസ്ഥാനത്തിന്റെ പ്രാദേശികവിവരങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ഏകോപിപ്പിച്ചു പ്രഹരം കനത്തതാക്കാനും ഈ സംഘത്തിനു കഴിയും. 

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ മികവുള്ള വിവിധ സേനകളിലെ ഒരു സംയുക്ത സംഘമാകും ഇത്. ഇനിയും പേരു വെളിപ്പെടുത്താത്ത ഈ സേനാ സംഘത്തിന് പ്രത്യേക തുക പ്രതിരോധ ബജറ്റിൽ വകയിരുത്തും. പാക്കിസ്ഥാനിൽ നിന്നു തുടർച്ചയായുള്ള അതിർത്തിലംഘന ശ്രമങ്ങളും വെടിനിർത്തൽ കരാർ ലംഘനങ്ങളുമാണ് ഈ സംഘത്തെ ഉടനടി രൂപീകരിക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. ശത്രുതാ നിലപാടു തുടരുന്ന അയൽരാജ്യങ്ങൾക്കെതിരെ യുദ്ധതന്ത്രത്തിൽ മികവു കാട്ടുകയും ഈ സംഘത്തിന്റെ രൂപീകരണത്തിനു പിന്നിലുണ്ട്.