രാജ്യാന്തര, ദേശീയ ഓഹരി വിപണികളിൽ കരടിപ്പാച്ചിൽ; രൂപയ്ക്ക് മൂല്യത്തകർച്ച

കൊച്ചി∙ തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ വിപണി വിൽപന സമ്മർദം നേരിടുന്നു. സാങ്കേതികമായി കഴിഞ്ഞ അഞ്ചു ദിവസത്തിനു ശേഷം നിഫ്റ്റി വീണ്ടും അതിന്റെ 200 ദിവസത്തിന്റെ മൂവിങ് ആവറേജിന് താഴെയാണു വ്യാപാരം നടക്കുന്നത്. ഇന്നലെ 10782.90ന് ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10718.15ലാണ് വ്യാപാരം ആരംഭിച്ചത്. നിലവിൽ 1.18ശതമാനം ഇടിവിലാണു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 35.884.41ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് 35694.25നാണു വ്യാപാരം ആരംഭിച്ചത്. സെൻസെക്സും ഒരു ശതമാനം ഇടിവിലാണു വ്യാപാരം പുരോഗമിക്കുന്നത്. അസ്ഥിരത തുടരുന്ന ഇന്ത്യൻ വിപണിയിൽ നിഫ്റ്റിക്ക് 10640 ആയിരിക്കും ഇന്നത്തെ സപ്പോർട്ട് ലെവലെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു.

ആഗോള വിപണിയിലുള്ള സമ്മർദങ്ങൾ വീണ്ടും വിപണിയിൽ വിൽപന സമ്മർദം ഉണ്ടാക്കുമെന്നാണു വിലയിരുത്തൽ. യുഎസ്–ചൈന വ്യാപാരത്തർക്കം പുതിയ തലത്തിലേയ്ക്കു നീങ്ങുകയാണ്. ഇന്നലെ യുഎസിന്റെ നിർദേശാനുസരണം ചൈനയുടെ പ്രമുഖ ടെലികോം കമ്പനിയുടെ സിഎഫ്ഒയെ കാനഡയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതു വീണ്ടും വ്യാപാരത്തർക്കം രൂക്ഷമാക്കിയേക്കുമെന്ന ആശങ്ക എല്ലാ വിപണികളിലുമുണ്ട്.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഒരു ശതമാനത്തിലേറെ ഇടിവാണു പ്രകടമാക്കുന്നത്. ഹോങ്കോങ് വിപണി രണ്ടു ശതമാനത്തിലേറെ ഇടിവു കാണിക്കുന്നു. എണ്ണ ഉൽപാദന രാജ്യങ്ങളുടെ യോഗതീരുമാനങ്ങൾ പുറത്തു വരാനിരിക്കുന്നതും പ്രധാനമാണ്. വീണ്ടും രാജ്യാന്തര വിപണിയിൽ വ്യതിയാനമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. യുഎസ് ബോണ്ട് വിപണിയിലെ വിലയുടെ ഉയർന്ന അസ്ഥിരത അടുത്ത വർഷം യുഎസ് സമ്പദ്‌വ്യവസ്ഥയിൽ മാന്ദ്യം അനുഭവപ്പെട്ടേക്കാം എന്ന ആശങ്കയും പൊതുവേ ആഗോള വിപണികളുടെ മോശം പ്രകടനത്തിനു കാരണമാകുന്നുണ്ട്.

ഇന്നലെ ആർബിഐ ഇന്ത്യയിലെ പലിശനിരക്കു മാറ്റം വരുത്തിയില്ല. മോണിറ്ററി പോളിസി സ്റ്റാൻസ് നൂട്രലിലേയ്ക്ക് കുറച്ചിട്ടില്ല എന്നത് ഇന്ത്യൻ വിപണിയിൽ സമ്മർദത്തിനു കാരണമാകുന്നു. ഇന്ന് എല്ലാ സെക്ടറുകളും നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്. എന്നിരുന്നാലും മെറ്റൽ, റിയൽ എസ്റ്റേറ്റ്, ഓട്ടോ സെക്ടറുകളാണ് ഏറ്റവും കനത്ത വിൽപന സമ്മർദം രേഖപ്പെടുത്തുന്നത്. ഇന്ന് ഐടി സെക്ടറിൽ നേരിയ മുന്നേറ്റം പ്രകടമാക്കിയിരുന്നു.  ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഒരു ശതമാനത്തോളം ഇടിവുണ്ടായതാണു കാരണം. അഞ്ച് സംസ്ഥാനങ്ങളുടെ എക്സിറ്റ്പോൾ ഫലങ്ങൾ നാളെ വരാനിരിക്കെ ഈ അസ്ഥിരത തുടരാനാണു സാധ്യത.