ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തെ പൂട്ടി സൈബര്‍ ഡോം; പണംതട്ടുന്നത് യുപിഐ ആപ് വഴിയെന്ന് ഐജി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടുന്ന സംഘത്തെ സൈബര്‍ ഡോം കണ്ടെത്തി. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം വ്യാജ പേജുകള്‍ രൂപീകരിച്ചും പണമിടപാട് സൗകര്യം ലഭ്യമാക്കുന്ന യുപിഐ സംവിധാനം വഴിയുമാണ് തട്ടിപ്പ് നടത്തുന്നതെന്നു ഐജി.മനോജ് എബ്രഹാം അറിയിച്ചു. തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് സൈബര്‍ ഡോം നിര്‍ദേശിക്കുന്നു.

കോട്ടയത്തെ കോളജ് അധ്യാപകന്‍, ചങ്ങനാശേരിയിലെ അധ്യാപകര്‍, കൊച്ചിയിലെ വിദ്യാര്‍ഥി ഇങ്ങനെ നിരവധി പേരില്‍ നിന്നായി 15 ലക്ഷം രൂപയാണ് സംഘം തട്ടിച്ചെടുത്തത്. പരാതികളെ തുടര്‍ന്ന് ഐപി മേല്‍വിലാസം കേന്ദ്രീകരിച്ചുള്ള അനേഷണത്തിലാണ് സൈബര്‍ഡോം ജാര്‍ഖണ്ഡിലെത്തിയത്. പത്ത് കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. അതിവിദഗ്ധമായാണ് ഇവര്‍ ഇടപാടുകാരെ വഞ്ചിക്കുന്നത്

തട്ടിപ്പിനിരയായാല്‍ ചെയ്യേണ്ടവ ഇവയാണ്:
1.എ.ടി.എം ബ്ലോക്ക് ചെയ്യുക
2.അക്കൗണ്ട് ബ്ലോക്ക് ചെയ്യുക
3.എം.പി.എന്‍ മാറ്റുക.

ഇനി എങ്ങനെ തട്ടിപ്പ് തിരിച്ചറിയാമെന്നുകൂടി സൈബര്‍ഡോം പറയുന്നത് കേള്‍ക്കുക. (വിഡിയോ സ്റ്റോറി കാണുക).

തട്ടിപ്പുകള്‍ വ്യാപകമായതോടെ യുപിഐ സംവിധാനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട ആര്‍ബിഐക്ക് കത്ത് നല്‍കിയതായും ഐജി മനോജ് എബ്രഹാം അറിയിച്ചു.