രാജസ്ഥാനിൽ വോട്ടെടുപ്പിനു തൊട്ടുപിന്നാലെ ബാലറ്റ് യൂണിറ്റ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ

രാജസ്ഥാനില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാലറ്റ് യൂണിറ്റ് (വിഡിയോ ദൃശ്യം)

റായ്പൂർ∙ വോട്ടെടുപ്പു നടന്നു മണിക്കൂറുകൾ കഴിഞ്ഞതിനു പിന്നാലെ രാജസ്ഥാനിലെ കിഷൻഗഞ്ച് മണ്ഡലത്തിൽ ബാലറ്റ് യൂണിറ്റ് വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. ബരൻ ജില്ലയിൽ ഷഹബാദ് മേഖലയിൽ ദേശീയപാതയിലാണു ബാലറ്റ് യൂണിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൽ റഷീദ്, പട്‌വാരി നവൽ സിങ് എന്നീ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ബാലറ്റ് യൂണിറ്റ് പരിശോധിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജനാധിപത്യത്തിന്റെ തകർച്ചയാണ് ഇതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്. ബിജെപി സ്ഥാനാർഥി മദൻ റാത്തോറിന്റെ വീട്ടിലേക്ക് വോട്ടിങ് മെഷീനുമായി പോയ ഉദ്യോഗസ്ഥനെ കമ്മിഷൻ ഇന്നലെ മാറ്റിയിരുന്നു.