ജമ്മു കശ്മീരിൽ ഈ വർഷം വധിച്ചത് 225ൽ അധികം ഭീകരരെ: ഇന്ത്യൻ സൈന്യം

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ഈ വർഷം ഇതുവരെ ജമ്മു കശ്മീരിൽ 225 ൽ അധികം ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. കുറച്ചു മാസങ്ങളായി ഭീകരർക്കൊപ്പം ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞു. സർക്കാരും സുരക്ഷാ സേനയും സ്വീകരിക്കുന്ന നടപടികളുടെ ഫലമായാണിത്. ഭീകരരുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രദേശവാസികൾ സൈന്യത്തെ അറിയിക്കുന്നുണ്ട്. ഇതൊരു നല്ല ലക്ഷണമാണെന്നും നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ‌ രൺബീർ സിങ് അറിയിച്ചു.

അക്രമികളുടെ നീക്കങ്ങൾ സൈന്യത്തെ അറിയിക്കുന്നതു പ്രദേശത്ത് ഭീകരതയുടെ പതനമാണു കാണിക്കുന്നത്. ജമ്മു കശ്മീരിൽ സമാധാനവും സ്ഥിരതയും സൈന്യം ഉറപ്പാക്കും. കശ്മീരിലെ യുവാക്കളിൽ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതു തടയും. വിഘടനവാദവും കശ്മീരിൽ തകർച്ചയുടെ വക്കിലാണ്. നിലവിൽ സമാധാനം ഉണ്ടാകാൻ കാരണവും അതാണ്. എങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സംഭവങ്ങൾ ഉണ്ടായാൽ ൈസന്യം അതിവേഗം അതില്‍ ഇടപെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാക്കിസ്ഥാൻ അതിർത്തിക്ക് അപ്പുറത്തുനിന്ന് കശ്മീരിലേക്കു ഭീകരത പടർത്താൻ ശ്രമിക്കുകയാണ്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴിയെ അദ്ദേഹം സ്വാഗതം ചെയ്തു. ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോൽസാഹിപ്പിക്കുന്നതിന് ഇതു നല്ലതാണ്. അതിർത്തി കടന്നുവരാൻ ധൈര്യം കാണിക്കുന്നവർക്കു മരണത്തെ നേരിടേണ്ടിവരുമെന്നും രൺബീർ സിങ് വ്യക്തമാക്കി.

അതേസമയം ശനിയാഴ്ച വൈകിട്ടോടെ ശ്രീനഗറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ശ്രീനഗർ–ബന്ദിപോറ റോഡിന് സമീപം തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു.