സർക്കാർ ചെലവിൽ മന്ത്രികുടുംബവും സിപിഎം നേതാക്കളും പറന്ന് തലസ്ഥാനത്തേക്ക്; വിവാദം

സിപിഎം നേതാക്കൾ കുടുംബസമേതം കണ്ണൂർ എയർപോർട്ടിലെത്തിയപ്പോൾ

കണ്ണൂര്‍∙ ഇന്നലെ ഉദ്ഘാടനം ചെയ്ത കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്ര നടത്താന്‍ മന്ത്രികുടുംബങ്ങള്‍ക്കും എല്‍‍ഡിഎഫ് നേതാക്കള്‍ക്കും ടിക്കറ്റിനായി സര്‍ക്കാര്‍ ചെലവഴിച്ചത് രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡാപെക് മുഖേനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്ക് കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്കു ടിക്കറ്റെടുത്തത്.

അതിഗംഭീരമായ ഉദ്ഘാടനം കഴിഞ്ഞു മൂന്ന് മണിക്കാണു മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്തേക്കു പറന്നത്. ഒപ്പം കുടുംബാംഗങ്ങളും ഇടതുമുന്നണി നേതാക്കളും സിപിഎം നേതാക്കളുമായ പ്രാദേശിക ജനപ്രതിനിധികളും വിമാനത്തില്‍ കയറി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും കുടുംബത്തിനും സര്‍ക്കാര്‍ ചെലവില്‍ തന്നെയായിരുന്നു യാത്ര. 63 പേര്‍ക്കാണ് ഒഡാപെക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത്രയധികം പേർക്കു ഒരുമിച്ച് ടിക്കറ്റ് ബുക്കിങ് നടത്തിയത്. പലരും വിമാനയാത്ര നടത്താന്‍ വേണ്ടിമാത്രമാണു തിരുവനന്തപുരത്തേക്കു പോയത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ചാണ് ഗോ എയര്‍ തിരുവനന്തപുരത്തേക്ക് ഇന്നലെ പ്രത്യേക സര്‍വീസ് നടത്തിയത്. വിമാനജീവനക്കാരടക്കം 190 പേര്‍ കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തി.