തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആശങ്കയിൽ ഓഹരി വിപണിയും; കനത്ത ഇടിവോടെ ക്ലോസിങ്

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണികളായ സെൻസെക്സും നിഫ്റ്റിയും കനത്ത ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിക്ക് ഇന്നു മാത്രം 1.92 ശതമാനവും സെൻസെക്സിന് രണ്ടു ശതമാനം ഇടിവുമാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ തകർച്ചയും ദേശീയതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥകളുമെല്ലാം വിപണിയെ സാരമായി ബാധിച്ചു. രാവിലെ 10508ൽ ഓപ്പൺ ചെയ്ത നിഫ്റ്റി 10488.45നാണ് ക്ലോസ് ചെയ്തത്. 35204.66ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 34959.72 പോയിന്റിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികളെല്ലാം തകർച്ചയെ നേരിടുകയാണ്. യൂറോപ്യൻ വിപണി ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്.

നാളെ തിരഞ്ഞെടുപ്പു ഫലം വരാനിരിക്കുന്നതും രാജ്യാന്തര വിപണി സാഹചര്യങ്ങളുമെല്ലാം ഇന്ത്യൻ വിപണിക്ക് അസ്ഥരിമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. 10430 ആണ് ഇനി നിഫ്റ്റിയുടെ ഏറ്റവും അടുത്ത സപ്പോർട്ട് ലെവൽ. ഇതിനു താഴേയ്ക്ക് വരും ദിവസം വ്യാപാരമുണ്ടായാൽ 10200 എന്ന ലെവലിലേയ്ക്ക് എത്തിയേക്കാം. 10600 ആണ് നിഫ്റ്റിയുടെ റെസിസ്റ്റൻസ് ലെവൽ. വരും ദിവസങ്ങളിൽ ഇതിനു മുകളിൽ ക്ലോസിങ് ലഭിച്ചാൽ മാത്രം ഒരു പോസറ്റീവ് പ്രവണതയിലേയ്ക്ക് വിപണി വരികയുള്ളൂ എന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തി.

വിപണിയിൽ എല്ലാ സെക്ടറുകളിലും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. റിയൽറ്റി, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, ഫാർമ, മീഡിയ സെക്ടറുകളാണ് ഏറ്റവും കനത്ത നഷ്ടം നേരിടുന്നത്. വിപണിയിൽ 1382 സ്റ്റോക്കുകളും നഷ്ടത്തിലാണ്. 339 സ്റ്റോക്കുകൾ മാത്രം പോസറ്റീവ് പ്രവണത പ്രകടമാക്കുന്നു. ഐഒസി, ബിപിസിഎൽ, കോൾ ഇന്ത്യ, ഹിന്ദു പെട്രോ, മാരുതി സ്റ്റോക്കുകൾ പോസറ്റീവായും കൊട്ടാക് ബാങ്ക്, ഇന്ത്യാ ബുൾ ഫിനാൻസ്, റിലയൻസ്, അൾട്രാ സിമന്റ് സ്റ്റോക്കുകളാണ് ഏറ്റവും കനത്ത നഷ്ടം നേരിടുന്ന സ്റ്റോക്കുകൾ. നിഫ്റ്റിയിൽ നാൽപതിൽ അധികം സ്റ്റോക്കുകളും നഷ്ടം നേരിടുകയാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് മൂല്യത്തകർച്ചയാണ് പ്രകടമാകുന്നത്. കഴിഞ്ഞ ദിവസം 70.80ന് ക്ലോസ് ചെയ്ത ഇന്ത്യൻ രൂപ 71.38നാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡ് വിലയിലും ഇടിവാണ് പ്രകടമാകുന്നത്.