2019 ൽ നല്ല വർത്തമാനം കാതോർത്ത് കോൺഗ്രസ്; ബിജെപിക്ക് അഗ്നിപരീക്ഷ

ന്യൂഡൽഹി ∙ 2019 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയെന്നു വിലയിരുത്തപ്പെടുന്ന, അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിനു നൽകുന്നത് മേൽക്കോയ്മയും ചെറുതല്ലാത്ത ആത്മവിശ്വാസവും. പ്രാദേശിക ശക്തികളായ മിസോ നാഷനൽ ഫ്രണ്ടും തെലങ്കാന രാഷ്ട്രസമിതിയും തങ്ങളുടെ തട്ടകങ്ങളിൽ ശക്തി തെളിയിച്ചപ്പോൾ രാജസ്ഥാനും ഛത്തീസ്ഗഡും മധ്യപ്രദേശും ബിജെപിക്ക് ആശാവഹമായ സൂചനകളല്ല സമ്മാനിക്കുന്നത്.

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണിയുടെ തലപ്പത്ത് കോൺഗ്രസിനു കൂടുതൽ ആധികാരികത നൽകാൻ ഈ ജയങ്ങൾക്കു കഴിയുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് ഉലച്ചിൽ സംഭവിച്ചിട്ടുണ്ടെന്ന ആശങ്കാജനകമായ സന്ദേശമാണ് ബിജെപിക്ക് ഈ ഫലങ്ങൾ. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു പുനർവിചിന്തനത്തിനു ബിജെപിയെ പ്രേരിപ്പിക്കുമെന്ന് ഉറപ്പാണ്.

പ്രവചനങ്ങൾക്കപ്പുറത്തുള്ള മിന്നും ജയത്തോടെ ഛത്തീസ്ഗ‍ഡിൽ അധികാരത്തിലെത്താനായതും 2013ൽ രാജസ്ഥാനിലേറ്റ വലിയ തിരിച്ചടിയിൽനിന്നു നീന്തിക്കയറാനായതും കോണ്‍ഗ്രസിന് നേട്ടമാണ്. മിസോറമിൽ പത്തു വർഷത്തെ ഭരണത്തിനു ശേഷം മിസോ നാഷനൽ ഫ്രണ്ടിനു മുന്നിൽ അടിയറവു പറഞ്ഞതിന്‍റെ വേദന മറക്കാൻ ഈ വിജയങ്ങൾ സഹായിച്ചേക്കും.

തെലങ്കാനയിൽ ടിആർഎസ് തന്നെ

കാലാവധി പൂർത്തിയാക്കാൻ ഒൻപതുമാസം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ടു ജനവിധി തേടാനുള്ള ടിആര്‍എസ് അധ്യക്ഷൻ ചന്ദ്രശേഖര റാവുവിന്‍റെ കണക്കുകൂട്ടലുകൾ തെല്ലും പിഴച്ചിട്ടില്ലെന്നതു വ്യക്തമാക്കുന്നതാണ് തെലങ്കാനയിലെ വിധിയെഴുത്ത്. 88 സീറ്റുകളിൽ മുന്നേറിയ ടിആർഎസ്, കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 25 സീറ്റുകളാണ് അധികമായി സ്വന്തം അക്കൗണ്ടിൽ കുറിച്ചിട്ടത്. ടിഡിപിയെയും സിപിഐയെയും ഒപ്പം ചേർത്തു തിരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് വലിയ തിരയിളക്കങ്ങൾ സൃഷ്ടിക്കാനായില്ലെന്നതു ചന്ദ്രശേഖര റാവുവിന്‍റെ വ്യക്തിപ്രഭാവത്തിന്‍റെ കൂടി വിജയമാണ്. സഖ്യരൂപീകരണം വൈകിയതും തെലങ്കാന രൂപീകരണത്തെ ശക്തമായി എതിർത്തിരുന്ന ചന്ദ്രബാബു നായിഡുവിനോടൊപ്പം ചേർന്നതും ഇവിടെ കോൺഗ്രസിനു തിരിച്ചടിയായെന്നു കരുതാം.

വടക്കു കിഴക്കൻ മേഖല ‘കോൺഗ്രസ് മുക്തം’

പത്തുവർഷത്തെ ഭരണത്തിനു ശേഷം മിസോറം നഷ്ടമായതോടെ വടക്കു കിഴക്കൻ മേഖലയിലെ കോൺഗ്രസിന്‍റെ പതനം പൂർണമായി. കഴിഞ്ഞ തവണ 34 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് ഇത്തവണ അഞ്ചിടത്തു മാത്രമാണ് ജയം സ്വന്തമാക്കാനായത്. 26 സീറ്റുകളെന്ന വ്യക്തമായ ആധിപത്യത്തോടെ മിസോ നാഷനൽ ഫ്രണ്ട് അധികാരത്തിൽ തിരിച്ചെത്തി. ബിജെപി അക്കൗണ്ട് തുറന്നതാണ് മിസോറമിലെ മറ്റൊരു പ്രത്യേകത. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കു ചേക്കേറിയ ഡോ. ബുദ്ധ ധൻ ചക്മയാണ് മിസോറമിലെ ആദ്യ ബിജെപി അംഗം. മുഖ്യമന്ത്രി ലാൽ തൻഹാവ്‍ല മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു.

ഛത്തീസ്ഗഡിൽ ജയിച്ചു കയറി കോൺഗ്രസ്

എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി ബിജെപിക്കു കനത്ത തിരിച്ചടിയാണ് ഛത്തീസ്ഗഡ് നൽകിയത്. 67 സീറ്റുകളിൽ വ്യക്തമായ ആധിപത്യത്തോടെയാണ് കോൺഗ്രസ് ഇവിടെ അധികാരത്തിൽ തിരിച്ചെത്തിയത്. പ്രബലരായ രണ്ടു വ്യക്തിത്വങ്ങൾക്കെതിരെ എടുത്തു കാണിക്കാൻ അത്ര അറിയപ്പെടുന്ന ഒരു മുഖമില്ലാതെയാണ് കോൺഗ്രസ് മത്സരത്തിനിറങ്ങിയത്. രമൺ സിങ് എന്ന മാന്ത്രികന്‍റെ കഴിവിൽ വിശ്വാസം അർപ്പിച്ച ബിജെപി അവസാന നിമിഷം വരെ ഭരണത്തുടർച്ച സ്വപ്നം കണ്ടു. ബിഎസ്പിയും മുൻ മുഖ്യമന്ത്രി അജിത് ജോഗിയും ചേർന്നുള്ള സഖ്യം ഇവിടെ കോൺഗ്രസിനും ബിജെപിക്കും തലവേദനയാകുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നെങ്കിലും അന്തിമ വിലയിരുത്തലിൽ ഈ സഖ്യം നനഞ്ഞ പടക്കമായി. 2003 മുതൽ ബിജെപി കരുതലോടെ വളർത്തിയെടുത്ത കോട്ടയാണ് അതിശക്തമായ ജനവിധിയിൽ തകർന്നു വീണത്.

രാജസ്ഥാനിൽ കോൺഗ്രസ് വിജയഗാഥ

കോൺഗ്രസ് അനായാസ ജയം സ്വപ്നം കണ്ടിരുന്ന രാജസ്ഥാന്‍, ബിജെപിയോട് അത്രകണ്ടു പിണക്കം കാണിച്ചില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ വ്യക്തമായ മേൽക്കോയ്മയോടെ ഭരണത്തിലേക്കു കുതിക്കുകയാണെന്നു സൂചന നൽകിയ കോൺഗ്രസ് ഒടുവിൽ വിയർത്താണ് കേവല ഭൂരിപക്ഷമെന്ന ആശ്വാസ തീരത്തണഞ്ഞത്. സിപിഎമ്മും ബിഎസ്പിയും ഇവിടെ ചെറിയ തോതിലാണെങ്കിലും തങ്ങളുടെ ശക്തി പ്രകടമാക്കി. കർഷകരെ സമരരംഗത്ത് അണിനിരത്താനായതും അവരുടെ പോരാട്ടങ്ങൾക്കു കരുത്തു പകർന്നതും രണ്ടു സീറ്റുകളെന്ന ചെറിയ, അതേസമയം വലിയ നേട്ടത്തിലെത്താൻ സിപിഎമ്മിന് സഹായകരമായി. കേവലം 21 സീറ്റുകള്‍ എന്ന 2013 ലെ ദയനീയാവസ്ഥയിൽനിന്നു ഭരണത്തിലെത്താനായെങ്കിലും അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് കോൺഗ്രസിന് വലിയ തലവേദനയാകാനാണ് സാധ്യത. സച്ചിൻ പൈലറ്റും അശോക് ഗലോട്ടും മുഖ്യമന്ത്രി പദത്തിൽ കണ്ണുംനട്ടിരിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ നിലപാടും തിരഞ്ഞെടുക്കപ്പെട്ട സാമാജികരിൽ ഭൂരിഭാഗവും ആരോടൊപ്പമാണ് എന്നതും നിർണായകമാകും.

മധ്യപ്രദേശിൽ മികച്ച മുന്നേറ്റം കാട്ടി കോൺഗ്രസ്

മധ്യപ്രദേശിൽ ലീഡ് നില മാറിമറയുന്ന അവസ്ഥയാണ് അന്തിമ നിമിഷം വരെ പ്രകടമായത്. 15 വർഷത്തെ ബിജെപിയുടെ ഭരണത്തുടർച്ചയ്ക്കു വിരാമമിടാൻ കോൺഗ്രസിനു കഴിയുമെന്നു പുറത്തുവന്ന ഫലങ്ങളും വ്യക്തമാക്കുന്നു. ശിവരാജ് ചൗഹാനെന്ന അതികായനായ മുഖ്യമന്ത്രിയെ മുൻ നിർത്തിയാണ് ബിജെപി ഇവിടെ പോരിനിറങ്ങിയത്. പ്രചാരണത്തിനു തീവ്രത പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും പലതവണ ഇവിടെ പറന്നിറങ്ങി.

മൃദു ഹിന്ദുത്വ കാർഡാണ് കോൺഗ്രസ് കളിക്കുന്നതെന്ന ആരോപണം പല തവണ ബിജെപി നേതാക്കളുയർത്തുന്നതും പ്രചാരണവേളയിൽ കണ്ടു. അഴിമതിയിൽ മുങ്ങിക്കുളിച്ച ബിജെപി സർക്കാരിനെതിരെ ഫലപ്രദമായ പോരാട്ടം കാഴ്ചവയ്ക്കാൻ കോൺഗ്രസിനു പലപ്പോഴും വിലങ്ങുതടിയായ പാർട്ടിക്കുള്ളിലെ പോര് അനായാസ ജയത്തിനും പാർട്ടിക്കുമിടയിൽ ഇത്തവണയും വൈതരണിയായെന്നതും നിഷേധിക്കാനാവില്ല. ഭരണത്തിലെത്തിയാലും കോൺഗ്രസിനു വെല്ലുവിളിയാകുക ഇതു തന്നെയാകും.

ഒറ്റനോട്ടത്തിൽ, ബിജെപിക്കു ചിന്തിക്കാനേറെ നൽകുന്നതും നേട്ടങ്ങൾക്കിടയിലും കോൺഗ്രസിനു ചില പാഠങ്ങൾ പകരുന്നതുമാണ് അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധിയെന്നു വിലയിരുത്താം. തന്ത്രങ്ങൾ രാകിമിനുക്കിയാകും ഇരു പാർട്ടികളും പൊതുതിരഞ്ഞെടുപ്പിനിറങ്ങുക. മോദി – രാഹുൽ പോരാട്ടത്തിൽ ഏറെ പിന്നിലായിരുന്ന കോൺഗ്രസ് അധ്യക്ഷൻ സാന്നിധ്യമറിയിച്ച തിരഞ്ഞെടുപ്പെന്നു കൂടിയാകും ഈ ഫലങ്ങള്‍ ഗണിക്കപ്പെടുക. ബിജെപി വിരുദ്ധ സഖ്യ സാധ്യതകൾക്കു ഒരുപക്ഷേ ഏറ്റവും തീ പകരുക രാഹുലിന്‍റെ ഈ മാറിയ മുഖച്ഛായയാകും.