പോരാടി വലഞ്ഞ് ഛത്തീസ്ഗഡിലെ കിങ്മേക്കർ; തകർന്ന് ജോഗി – മായാവതി സഖ്യം

ഫലം പുറത്തുവരുന്നതിനു മണിക്കൂറുകൾക്കു മുൻപുവരെ നിർണായക സ്വാധീനമായേക്കുമെന്നു വിലയിരുത്തപ്പെട്ട അജിത് ജോഗിയും മായാവതി സഖ്യവും അടിപതറിയ കാഴ്ചയാണ് ഛത്തീസ്ഗഡിൽ. ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ അതികായനാകുമെന്നു വിലയിരുത്തപ്പെട്ടയാളാണ് അജിത് ജോഗി. എന്നാൽ ഇത്തവണ മൽസരിച്ച, മകന്റെ മണ്ഡലമായ മർവാഹിയിൽ വാശിയേറിയ പോരാട്ടം കാഴ്ചവച്ചാണ് ജോഗി ഒടുക്കം വിജയിച്ചത്. ആദ്യഘട്ടത്തിൽ ബിജെപിക്കും കോൺഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനം മാത്രമായിരുന്നു ജോഗിക്ക് ഉണ്ടായിരുന്നത്. മാത്രമല്ല, നിർണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെട്ട മായാവതിയുമായുള്ള സഖ്യത്തിന് മിക്ക സീറ്റിലും കാര്യമായ ലീഡ് നേടാനാകാത്ത സ്ഥിതിയാണ്.

ആദ്യം മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് അജിത് ജോഗി – മായാവതി സഖ്യത്തിന്റെ രംഗപ്രവേശം. സഖ്യം ഇരുപാർട്ടികൾക്കും ശക്തമായ ഭീഷണിയുയർത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പു നിരീക്ഷകരുടെയും വിലയിരുത്തൽ. വലിയ തോതിൽ സീറ്റുകൾ പിടിച്ചെടുക്കാൻ ഇവർക്കു കഴിയുമെന്നു വിലയിരുത്തലില്ലെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, സഖ്യം നേടുന്ന സീറ്റ് നില വച്ച് വിലപേശലിനുള്ള സാധ്യതയായിരുന്നു മായാവതിയെയും ജോഗിയെയും നയിച്ചത്.

കിങ്മേക്കറാകാൻ കണ്ണുവച്ചത് 13 സീറ്റിൽ

ഛത്തീസ്ഗഢിൽ അജിത് ജോഗിയുടെ ജെസിസിയും മായാവതിയുടെ ബിഎസ്പിയും കണ്ണുവച്ചത് 13 സീറ്റുകളിൽ- ജംഗിർ ചമ്പ ലോക്സഭാ മണ്ഡലത്തിലെ എട്ടും ബിലാസ്പുർ ബെൽറ്റിലെ അഞ്ചും. നിർണായകമായ ഈ 13 സീറ്റുകൾ നേടി കിങ്മേക്കറാകാനുള്ള ശ്രമമാണ് ഛത്തീസ്ഗഡ് രാഷ്ട്രീയത്തിലെ അതികായൻ അജിത് ജോഗി നടത്തിയത്. ജംഗിർ ചമ്പ ലോക്സഭ സീറ്റിലെ – അകാൽതര, ജംഗിർ ചമ്പ, സക്തി, ചന്ദ്രപുർ, ജയ്ജയ്പുർ, പംഗഢ്, ബിലൈഗഢ്, കസ്ഡോൾ എന്നിവിടങ്ങളിൽ രമണ്‍സിങ് മന്ത്രിസഭയുടെ കാലത്ത് കോൺഗ്രസിന്റെ കൈയിലുണ്ടായിരുന്നത് അകാൽതരയും ജംഗിർ ചമ്പയും മാത്രമായിരുന്നു. ബിഎസ്പിയുടെ കൈയിൽ ജയ്ജയ്പുരും ബാക്കിയുള്ളവ ബിജെപിയുടെ കൈയിലുമാണ്.

ബ്യൂറോക്രാറ്റിന്റെ വികസനമുഖം വോട്ടാക്കാൻ ശ്രമം; കണ്ണിൽപൊടിയിടേണ്ടെന്ന് ജനങ്ങൾ

മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യ‌മന്ത്രിയുമായിരുന്ന അജിത് ജോഗി കലക്ടറായിരുന്ന കാലയളവിൽ തന്റെ അധികാരപരിധിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പ്രതിച്ഛായയാണ് പിന്നീട് മുഖ്യമന്ത്രിയായപ്പോഴും നിലനിർത്താൻ ശ്രമിച്ചത്. കോടതിയിൽപ്പോയാണെങ്കിലും ഗോത്രവർഗക്കാരനാണെന്ന വാദം അദ്ദേഹം ഉറപ്പിച്ചു. ഗോത്രവർഗക്കാർ കൂടുതലുള്ള ഛത്തീസ്ഗഡിൽ സ്വാധീനം ഉറപ്പിക്കാൻ തന്റെ ഗോത്ര ബന്ധം അദ്ദേഹം സമർഥമായി ഉപയോഗിച്ചിരുന്നു. അപകടങ്ങളെ തുടർന്ന് ശരീരം തളർന്നെങ്കിലും മനസ്സു തളരാൻ ജോഗി അനുവദിച്ചില്ല. ഓരോ തവണയും ചികിത്സ കഴിഞ്ഞ് സംസ്ഥാനത്ത് ഓടിയെത്തി തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു.

മാത്രമല്ല, മായാവതിയുമായുള്ള സഖ്യം ദലിത് വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താൻ ഉതകുമെന്നും ജോഗി കണക്കുകൂട്ടി. 2013 ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റേ ബിഎസ്പി നേടിയുള്ളു എന്നതൊന്നും ജോഗി കണക്കിലെടുത്തില്ല. മണ്ഡലങ്ങളിൽ ജാതിസമവാക്യങ്ങൾ പരിഗണിച്ചാണ് സ്ഥാനാർഥികളെ നിർ‍ത്തിയതും. ഗോത്ര – ദലിത് വികാരം ഉണർത്തുന്ന തരത്തിലായിരുന്നു പ്രചാരണവും.

കർഷക വായ്പ തിരിച്ചടവ് എഴുതിത്തള്ളും, നെല്ലിന്റെ താങ്ങുവില വർധിപ്പിക്കും, സർക്കാർ ജോലികൾ ‘ഔട്ട്സോഴ്സ്’ ചെയ്യുന്നത് നിർത്തി യുവാക്കൾക്ക് ‘സംവരണം’ നൽകും, കാർഷികാവശ്യങ്ങൾക്കുള്ള പമ്പുകൾക്ക് സൗജന്യ വൈദ്യുതി തുടങ്ങിയ ‘കണ്ണു മയക്കുന്ന’ വാഗ്ദാനങ്ങളായിരുന്നു ജോഗി – മായാവതി സഖ്യം നൽകിയത്. ഇവ സ്റ്റാംപ് പേപ്പറിൽ എഴുതി നൽകിയാണ് ജോഗി പുറത്തിറക്കിയത്. വാഗ്ദാനം പാലിക്കാനായില്ലെങ്കിൽ ജയിൽ പോകാൻ തയാറെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പക്ഷേ, കണ്ണിൽ പൊടിയിടുന്ന മാജിക്കുകൾ ജനം തിരിച്ചറിഞ്ഞെന്നുവേണം ഫലം പുറത്തുവരുമ്പോൾ മനസ്സിലാക്കേണ്ടത്.