ട്രെയിനുകള്‍ വൈകിയോടുന്നു; ഒാപ്പറേറ്റിങ് വിഭാഗം തലപ്പത്ത് അഴിച്ചുപണി

(ഫയൽ ചിത്രം: റിജോ ജോസഫ്)

കൊച്ചി∙റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ ഒാപ്പറേറ്റിങ് മാനേജർ പി.എൽ.അശോക് കുമാറിനെ പാലക്കാടേക്കു സ്ഥലം മാറ്റി. നിലവിൽ പാലക്കാട് ഡിവിഷനിൽ ഒാപ്പറേറ്റിങ് മാനേജരായ വൈ.സെൽവിനാണ് തിരുവനന്തപുരത്തു ഒാപ്പറേറ്റിങ് വിഭാഗം മേധാവിയാകുക. കേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നതു സംബന്ധിച്ച വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് ഒാപ്പറേറ്റിങ് വിഭാഗം തലപ്പത്ത് റെയിൽവേ അഴിച്ചുപണി നടത്തിയത്.

സ്ഥലംമാറ്റ ഉത്തരവു പുറത്തിറങ്ങിയിട്ടും ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഒാപറേഷൻസ് മാനേജർ ഉത്തരവ് നടപ്പാക്കാതെ ഇഷ്ടക്കാരെ സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇതു ചട്ടവിരുദ്ധമാണെന്നും സ്ഥലംമാറ്റം മാർച്ച് വരെ നീട്ടികൊണ്ടുപോകാനുളള ശ്രമമാണു ഇപ്പോൾ നടക്കുന്നതെന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. പ്രധാന തസ്തിക‌യിൽ തുടർച്ചയായി 3 വർഷത്തിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്ന ചട്ടവും കാറ്റിൽ പറത്തിയാണു താക്കോൽ സ്ഥാനങ്ങളിൽ തിരുവനന്തപുരം ഡിവിഷനിൽ ഉദ്യോഗസ്ഥർ തുടരുന്നത്.

ട്രെയിനുകളുടെ സമയകൃത്യത സംബന്ധിച്ച റെയിൽവേ ബോർഡ് കണക്കെടുപ്പിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ കഴിഞ്ഞ ഒരു വർഷമായി ഏറ്റവും പിന്നിലാണ്. 68 ഡിവിഷനുകളാണു രാജ്യത്തുള്ളതെങ്കിൽ തിരുവനന്തപുരം ഡിവിഷൻ 66–ാം സ്ഥാനത്തു വരെയെത്തിയിരുന്നു. തങ്ങളുടെ വീഴ്ച മറയ്ക്കാനായി ഇതിനിടയിൽ വൈകിയെത്തുന്ന ട്രെയിനുകളുടെ യാത്രാസമയം 30 മിനിറ്റ് വീതം കൂട്ടി സമയകൃത്യത ഉറപ്പാക്കാനുള്ള വളഞ്ഞ വഴിയും അധികൃതർ കണ്ടെത്തി. ഇതു മൂലം നേരത്തേ ഒാടിയെത്തുന്ന ട്രെയിനുകൾ സമയം കൃത്യമാക്കാനായി അവസാന സ്റ്റേഷനു തൊട്ടുമുൻപുള്ള സ്റ്റേഷനുകളിൽ മണിക്കൂറുകളോളം കാത്തു കിടക്കുന്ന സ്ഥിതിയാണ്.

തിരുവനന്തപുരം–എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 223 കിലോമീറ്റർ ഒാടാൻ ഇപ്പോൾ 5 മണിക്കൂർ 40 മിനിറ്റാണ് എടുക്കുന്നത്. ഇതോടെ സ്ഥിരം യാത്രക്കാർ ട്രെയിനുപേക്ഷിച്ചു ബസുകളെ ആശ്രയിച്ചതോടെ റെയിൽവേ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടായി. കേരളത്തിൽ വർഷങ്ങളായി ഒാപ്പറേറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ  മറ്റ് സോണുകളിൽ പരിശീലനത്തിന് അയക്കുകയോ സ്ഥലംമാറ്റുകയോ വേണമെന്ന് ആവശ്യപ്പെട്ടു യാത്രക്കാരുടെ സംഘടനകൾ നേരത്തേ റെയിൽവേ ബോർഡ് ചെയർമാനും, മെമ്പർ ട്രാഫിക്കിനും നിവേദനം നൽകിയിരുന്നു.