കോട്ടകൾ ഉലയുന്നു; ആത്മവിശ്വാസത്തോടെ കോൺഗ്രസ്, പ്രചാരണതന്ത്രം മാറ്റാൻ ബിജെപി

വിജയപുഷ്പം: ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത്, രാഹുൽ ഗാന്ധിയുടെ കട്ടൗട്ടുമായി തിര‍ഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന കോൺ‌ഗ്രസ് പ്രവർത്തകർ. ചിത്രം: പിടിഐ

ന്യൂഡൽഹി∙ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്കു കോൺഗ്രസ് കനത്ത ആഘാതമേൽപിച്ചതോടെ, ദുർഘടങ്ങളെ അതിജീവിച്ച ആത്മവിശ്വാസമുള്ള നേതാവായി രാഹുൽ ഗാന്ധി ഉയർന്നു. കഴിഞ്ഞ 5 വർഷവും നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നിരന്തര ആക്ഷേപങ്ങളുടെയും വിമർശനങ്ങളുടെയും നടുവിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ. 

ഛത്തീസ്‌ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഒട്ടേറെ നിഷേധ ഘടകങ്ങൾ കോൺഗ്രസിനു ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ, ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവും കൂട്ടായ നേതൃത്വവും തന്നെയാണ് ഈ സംസ്ഥാനങ്ങളിൽ പാർട്ടിക്കു കരുത്തായത്. 

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സംസ്ഥാനങ്ങൾ തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ സ്വന്തം കോട്ടകൾ കാത്തുസൂക്ഷിക്കാനായില്ല.

ബിജെപിയുടെ പതനത്തിനു കാരണങ്ങൾ പലതാണ്: കാർഷിക മേഖലയിലെ പ്രതിസന്ധി, ഇന്ധന വിലക്കയറ്റം, സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ, ജനങ്ങളുടെ മടുപ്പ്. പാർട്ടി അധ്യക്ഷൻ അമിത് ഷാ കെട്ടിപ്പൊക്കിയ, അഭേദ്യമെന്നു കരുതിയ ബിജെപി സംഘടനാ സംവിധാനവും പൊടുന്നനെ ഉലഞ്ഞിട്ടുണ്ട്. ഇനി പാർട്ടിക്കുള്ളിൽ തന്നെ വലിയ ശബ്ദങ്ങൾ ഉയർന്നേക്കും. 6 മാസം പോലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഇല്ലാതിരിക്കെ പാർട്ടി കേഡർമാരെ ഉദ്ദീപിപ്പിക്കാൻ എന്തെങ്കിലുമില്ലാത്ത അവസ്ഥയാണ്.

ബിജെപിയുടെ താവളങ്ങളിൽ കോൺഗ്രസ് സ്വന്തം നിലയിൽ നേടുന്ന വിജയങ്ങളിൽ ആദ്യത്തേതാണു ചൊവ്വാഴ്ചത്തെ ഫലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഉത്തരേന്ത്യയിൽ കോൺഗ്രസ് ജയിച്ച ഏക നിയമസഭാ തിരഞ്ഞെടുപ്പ് പഞ്ചാബ് ആയിരുന്നു. പക്ഷേ, ബിജെപി – അകാലിദൾ ഭരണത്തോടുള്ള കടുത്ത അപ്രീതിയും കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ വ്യക്തിപ്രഭാവവുമായിരുന്നു ആ വിജയത്തിനു കാരണം. ബിഹാറിൽ ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാദളിനോടു ചേർന്നു നിന്ന് നേടിയ വിജയമാണു മറ്റൊന്ന്. അവിടെ കോൺഗ്രസ് ആർജെഡി സഖ്യത്തിലെ ചെറുകക്ഷി മാത്രവും.

5 സംസ്ഥാനങ്ങളിൽ, തെലങ്കാന ഫലം കോൺഗ്രസിനു കനത്ത പ്രഹരമാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ജനപ്രീതി കൊണ്ടു മാത്രമല്ല തെലങ്കാന രാഷ്ട്രസമിതി വൻ വിജയം നേടിയത്. തെലങ്കാന രൂപീകരണത്തിനെതിരെ നിലകൊണ്ട ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായി കോൺഗ്രസുണ്ടാക്കിയ കൂട്ട് അവിശുദ്ധ സഖ്യമായി ജനങ്ങൾ കണ്ടതുകൊണ്ടുകൂടിയാണ്. 

തെലങ്കാനയിൽ രാഹുൽഗാന്ധി നേടിയതു സെൽഫ് ഗോളാണ്. ടിഡിപി – കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ തെലങ്കാനയുടെ കാര്യങ്ങൾ ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയിൽ നിന്നാകും നിയന്ത്രിക്കപ്പെടുകയെന്ന  റാവുവിന്റെ പ്രചാരണ സന്ദേശം ജനങ്ങൾ ഗൗരവത്തിലെടുക്കുകയും ചെയ്തു. 

തെലങ്കാനയിലെ പരാജയം അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രയിലെ കോൺഗ്രസിന്റെ സാധ്യതകൾക്കും ഗൗരവതരമായ പ്രത്യാഘാതമുണ്ടാക്കും. ഭരണവിരുദ്ധ വികാരം നേരിടുന്ന തെലുങ്കുദേശം പാർട്ടിയുമായുള്ള സഖ്യം വിശദീകരിക്കേണ്ട കടുത്ത ദൗത്യമാണു കോൺഗ്രസ് ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കുള്ളത്. സഖ്യതന്ത്രങ്ങൾ പുതുക്കിപ്പണിയാൻ രാഹുലിനെ പ്രേരിപ്പിക്കുന്നതാണു തെലങ്കാനയിലെ തിരിച്ചടി.

ഛത്തീസ്‌ഗഡിലാകട്ടെ, ബഹുജൻ സമാജ്‌ പാർട്ടിയും അജിത് ജോഗിയുടെ രാഷ്ട്രീയ ജനത കോൺഗ്രസും അടക്കം ആരുമായും സഖ്യം ആവശ്യമില്ലെന്ന പ്രാദേശിക നേതാക്കളുടെ നിലപാട് സ്വീകരിക്കുകയാണു രാഹുൽ ഗാന്ധി ചെയ്തത്.  മറ്റു പാർട്ടികളും മുതിർന്ന നേതാക്കളും ഇതിനെതിരെ രാഹുലിനു മേൽ വലിയ സമ്മർദം ചെലുത്തിയെങ്കിലും അദ്ദേഹം പ്രാദേശിക നേതൃത്വത്തെ ചെവിക്കൊണ്ടു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി വിരുദ്ധ മുന്നണിയുടെ കേന്ദ്രമായി കോൺഗ്രസ് ഉയർന്ന സ്ഥിതിക്കു സഖ്യചർച്ചകളിൽ  മറ്റു കക്ഷികളോട് ഇനി കോൺഗ്രസ്  ഉറച്ച നിലപാടു സ്വീകരിക്കുകയും ചെയ്യും.

നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പു ഫലം ഒരു വിളിച്ചുണർത്തലാണ്. പരാജയത്തിനു കാരണം പ്രാദേശിക ഘടകങ്ങളാണെന്നു പാർട്ടി നേതാക്കൾ പറയുന്നുണ്ടെങ്കിലും മോദിക്കു കാര്യമറിയാം. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങളും ക്ഷേമപദ്ധതികളും സംബന്ധിച്ച തന്റെ അവകാശവാദങ്ങൾ വോട്ടർമാരെ വേണ്ടത്ര ഇളക്കിമറിച്ചിട്ടില്ല.  ഈ വർഷം ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലും ഇപ്പോൾ 5 സംസ്ഥാനങ്ങളിലും ്രപധാനമന്ത്രി മനസ്സറിഞ്ഞാണു പ്രചാരണം നടത്തിയത്. എന്നാൽ, ഫലങ്ങൾ അത്ര അഭിമാനകരമായില്ല. ഹിന്ദിമേഖലകളിലാകട്ടെ ബിജെപി റാലികളിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു മോദിയേക്കാൾ പങ്കെടുത്തത്. പക്ഷേ, ആദിത്യനാഥ് മോദിയുടെ വികസന അജൻഡയേക്കാൾ ഹിന്ദുത്വ വിഷയങ്ങളിലാണ് ഊന്നിയത്. ഹനുമാനെ ദലിതും ആദിവാസിയുമായി ആദിത്യനാഥ് വിശേഷിപ്പിച്ചത് ഒരു വിഭാഗത്തെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മോദിയുടെ പ്രചാരണ മാർഗം പിന്തുടരണോ അതോ കൂടുതൽ രൂക്ഷമായ ഹിന്ദുത്വ മാർഗം സ്വീകരിക്കണമോ എന്ന് ബിജെപിയും പുനരാലോചിക്കേണ്ടിവരും.