മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി അടുത്ത 23-ലേക്കു മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം 23-ലേക്കു മാറ്റി. വിശദമായ വാദം പറയണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണു ഹര്‍ജി മാറ്റിയത്.

മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നത് വിശദമായി ഇന്നു പരിശോധിക്കാമെന്നാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.  

മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന് അവകാശമുണ്ടെന്നും ദിലിപീനുവേണ്ടി മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചിരുന്നു.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലിന്റെ ഗണത്തില്‍ പെടുന്നതാണെന്നും ഹര്‍ജിക്കാരനു നല്‍കാനാവില്ലെന്നുമാണു സര്‍ക്കാരിനുവേണ്ടി ഹരേന്‍ പി.റാവല്‍ നിലപാടെടുത്തത്. മെമ്മറി കാര്‍ഡ്, കേസിലെ തൊണ്ടിതന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് സുപ്രീം കോടതിയിലെ ഹര്‍ജി.