ഹർത്താൽ: സർവകലാശാല, സ്കൂൾ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം ∙ എംജി, കണ്ണൂർ, കാലിക്കറ്റ്, കേരള, ആരോഗ്യ, സാങ്കേതിക സർവകലാശാലകൾ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അഖിലേന്ത്യ ഡന്റൽ നീറ്റ് പരീക്ഷയ്ക്കു പോകുന്നവരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബിജെപി അറിയിച്ചു.

വെള്ളിയാഴ്ചത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി. പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്രിസ്മസ് പരീക്ഷയും 21ലേക്കു മാറ്റി. തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ മൂലം കഴിഞ്ഞ ദിവസം മാറ്റി വച്ച പരീക്ഷ ക്രിസ്മസ് അവധിക്കു ശേഷം നടത്തും. 

കണ്ണൂർ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന  പരീക്ഷാബോർഡ് യോഗങ്ങൾ ശനിയാഴ്ചത്തേക്കു മാറ്റി. 

കാർഷിക സർവകലാശാല അസി. പ്രഫസർ തസ്തികയിലേക്ക് വെള്ളിയാഴ്ച നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും ശനിയാഴ്ചത്തേയ്ക്ക് മാറ്റി. ശനിയാഴ്ച നടത്താനിരുന്ന അഭിമുഖം ഞായറാഴ്ചയിലേക്കും മാറ്റി.