40 വർഷം കൃത്യമായി വായ്പ തിരിച്ചടച്ച മല്യയെ കള്ളനെന്ന് വിളിക്കുന്നത് തെറ്റ്‌: ഗഡ്കരി

വിജയ് മല്യ, നിതിൻ ഗഡ്കരി

മുംബൈ∙ ഇന്ത്യൻ ബാങ്കുകളിൽ 9000 കോടി രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മല്യ 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്നു. വ്യോമയാന മേഖലയിലേക്കു കടന്നതിനു പിന്നാലെ അദ്ദേഹത്തിനു പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. ഉടന്‍ തന്നെ എങ്ങനെ ഒരാളെ കള്ളനെന്നു വിളിക്കാൻ കഴിയും.40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്ന ഒരാൾ ഒരിക്കൽ മാത്രം ചെറിയ വീഴ്ച വരുത്തി. അപ്പോൾ എല്ലാം തട്ടിപ്പാണെന്നാണു പറയുന്നത്. ഈ മനഃസ്ഥിതി അത്ര ശരിയായ ഒന്നല്ലെന്നും ഗഡ്കരി പറഞ്ഞു. ടൈംസ് ഗ്രൂപ്പ് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാൽപ്പതു വർഷം മുൻപ് മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതിയിലുള്ള സികോമിൽ നിന്നെടുത്തിരുന്ന വായ്പ വിജയ് മല്യ കൃത്യസമയത്ത് തിരിച്ചടച്ചിരുന്നു. ഏതൊരു ബിസിനസിലും ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ്. ആർക്കെങ്കിലും വീഴ്ചയുണ്ടാകുന്നുണ്ടെങ്കിൽ അവർ തീർച്ചയായും പിന്തുണ അർഹിക്കുന്നുണ്ട്. ബാങ്കിങ്ങോ ഇൻഷുറൻസോ ആകട്ടെ എന്തിലും ഉയർച്ചയും താഴ്ചയുമുണ്ടാകും. നീരവ് മോദിയെ വിജയ് മല്യയോ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും അവരെ ജയിലിലേക്ക് അയയ്ക്കണം. എന്നാൽ സാമ്പത്തികമായി വീഴ്ച സംഭവിച്ചാലുടൻ ഒരാളെ തട്ടിപ്പുകാരനെന്നു മുദ്രകുത്തിയാൽ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കൊരിക്കലും ഉയർച്ചയുണ്ടാകില്ലെന്നും ഗഡ്കരി പറഞ്ഞു.

വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് കഴിഞ്ഞദിവസം ലണ്ടൻ കോടതി ഉത്തരവിട്ടിരുന്നു. മല്യയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്കു കൈമാറുന്നതു മനുഷ്യാവകാശ ലംഘനമാകില്ലെന്നും വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്‌നോട്ട് വ്യക്തമാക്കിയിരുന്നു. ആരുടെയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമാണെങ്കിൽ അവരെ ഐസിയുവിൽ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നത്. വ്യവസായങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണു വേണ്ടത്. എന്നാൽ നമ്മുടെ ബാങ്കിങ് സിസ്റ്റം തകർന്നുകൊണ്ടിരിക്കുന്ന കമ്പനികളെ ഐസിയുവിൽ പ്രവേശിപ്പിക്കുയും അവയുടെ മരണം ഉറപ്പാക്കുകയുമാണു ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.