പാക്ക് ഹൈക്കമ്മീഷനിൽനിന്ന് 23 ഇന്ത്യക്കാരുടെ പാസ്പോർട്ട് കാണാതായി; സുരക്ഷാ ഭീഷണി

ന്യൂഡൽഹി∙ സുരക്ഷാ ഭീഷണിയുയർത്തി ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽനിന്ന് 23 ഇന്ത്യക്കാരുടെ പാസ്പോർട്ടുകൾ കാണാതായി. പാക്കിസ്ഥാനിലെ ഗുരുദ്വാരകൾ സന്ദർശിക്കാൻ അനുമതി തേടിയ സിഖ് വംശജരുടെ പാസ്പോർട്ടാണു കാണാതായിരിക്കുന്നത്. പാസ്പോർട്ട് നഷ്ടമായവർ പൊലീസിൽ പരാതി നൽകി. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻതന്നെ കാണാതായ എല്ലാ പാസ്പോർട്ടുകളും റദ്ദാക്കി. വിഷയം പാക്ക് ഹൈക്കമ്മിഷനുമായും സംസാരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പാസ്പോർട്ട് കാണാതായ പല തീർഥാടകർ കർതാർപുർ സാഹിബ് കൂടി സന്ദർശിക്കാൻ തയാറെടുത്തിരുന്നവരായിരുന്നു. അതേസമയം, പാസ്പോർട്ടുകൾ നഷ്ടമായ സംഭവത്തിൽ തങ്ങൾക്കു പങ്കില്ലെന്നു പാക്കിസ്ഥാൻ വ്യക്തമാക്കി. ‍ഡൽഹി ആസ്ഥാനമായ ട്രാവൽ ഏജന്റാണ് കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു. നവംബർ 31–30നുമിടയ്ക്ക് ഗുരു നാനാക് ദേവിന്റെ ജന്മദിന വാർഷികം ആഘോഷിക്കാൻ 3,800 സിഖ് തീർഥാടകർക്ക് പാക്കിസ്ഥാൻ വീസ നൽകിയിരുന്നു.