Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരിയായ നവവധുവിനെ ഹൈക്കമ്മിഷനിൽവച്ച് കാണാതായെന്നു പാക്ക് യുവാവ്

Valentines Day (Representative Image)

ഇസ്‍ലാമാബാദ് ∙ ഇന്ത്യൻ ഹൈക്കമ്മിഷനിൽ വച്ച് ഭാര്യയെ കാണാതായെന്നു പാക്ക് നവവരന്റെ പരാതി. വീസയ്ക്ക് അപേക്ഷിക്കാൻ ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ചെന്നപ്പോഴാണ് ഇന്ത്യക്കാരിയായ ഭാര്യ ഉസ്മയെ കാണാതായതെന്ന് താഹിർ അലി പറയുന്നു. സംഭവം ആസൂത്രിതമാണെന്നാണ് താഹിർ ആരോപിക്കുന്നത്.

എട്ടുമാസം മുമ്പ് മലേഷ്യയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. മേയ് ഒന്നിന് വാഗ അതിർത്തിയിലൂടെ ഉസ്മ പാക്കിസ്ഥാനിലെത്തി. മൂന്നാം തീയതി ഇരുവരുടെയും നിക്കാഹ് നടന്നു. തൊട്ടടുത്ത ദിവസം ഇന്ത്യൻ വീസയ്ക്കായി അപേക്ഷ പൂരിപ്പിച്ചു നൽകാൻ ഇരുവരും ഹൈക്കമ്മിഷനിൽ എത്തി. വിവാഹശേഷം ഉസ്മ ന്യൂഡൽഹിയിലുള്ള സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവാഹക്കാര്യം പറഞ്ഞിരുന്നു. മധുവിധുവിനായി ഇരുവരും ഇന്ത്യയിലേക്കു വരണമെന്ന് സഹോദരനാണ് ആവശ്യപ്പെട്ടത്. വീസയും മറ്റും ശരിയാക്കാനായി ഇന്ത്യൻ ഹൈക്കമ്മിഷനിൽ അഡ്നാൻ എന്നൊരാളെ ഏർപ്പാടാക്കാമെന്നും സഹോദരൻ ഉറപ്പു നൽകിയത്രെ.

ഹൈക്കമ്മിഷനിലെത്തിയ ഇരുവരുടെയും ഫോണുകൾ സുരക്ഷയുടെ ഭാഗമായി വാങ്ങിവച്ചു. അഡ്നാൻ എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തി ആറാം ഗെയ്റ്റിലൂടെ വന്ന് സ്വീകരിച്ചു. വീസ അപേക്ഷ നൽകിയ ശേഷം ഉസ്മയെ മാത്രം ഉള്ളിലേക്ക് വിളിപ്പിച്ചു. താഹിർ ഏറെനേരം കാത്തുനിന്നെങ്കിലും യുവതി തിരിച്ചുവന്നില്ല. മണിക്കൂറുകൾക്കു ശേഷം രാത്രി ഏഴോടെ കമ്മിഷനിലെ ഉദ്യോഗസ്ഥരോട് ഉസ്മയെപ്പറ്റി തിരക്കി. അകത്ത് ആരും ഇല്ലെന്നായിരുന്നു മറുപടി. വാങ്ങിവച്ച മൂന്നു ഫോണുകൾ തിരികെത്തരാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ തയാറായില്ല. തുടർന്നു പൊലീസ് സ്റ്റേഷനിൽ ചെന്ന് ‌പരാതിപ്പെട്ടതായി താഹിർ പറയുന്നു.

പരാതി സത്യമെന്നു തന്നെയാണ് പാക്കിസ്ഥാന്റെ‌ നിലപാട്. ഇന്ത്യക്കാരിയായ നവവധുവിനെ ഹൈക്കമ്മിഷനിൽനിന്ന് കാണാതായെന്നു പാക്ക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു. താഹിർ അലിയുടെ പരാതിയെത്തുടർന്നു ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നു സെക്രട്ടേറിയറ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഹക്കീം ഖാൻ പറയുന്നു. വിദേശകാര്യ മന്ത്രാലയവുമായി മാത്രമേ സംസാരിക്കൂ എന്നായിരുന്നത്രെ ഉദ്യോഗസ്ഥ‍രുടെ പ്രതികരണം. വിഷയം നയതന്ത്രതലത്തിൽ ഉന്നയിക്കണമെന്നാണു പാക്ക് മാധ്യമങ്ങളുടെ അഭിപ്രായം. പരാതിയിൽ ഇടപെട്ടിട്ടു‌ണ്ടെന്നും എത്രയും പെട്ടെന്നു പരിഹരിക്കാനാകുമെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.