കൃഷി ‘പെതായി’ കൊണ്ടുപോയി; ആന്ധ്രയിൽ കർഷകൻ പാടത്ത് കുഴഞ്ഞുവീണു മരിച്ചു

പ്രതീകാത്മക ചിത്രം

അമരാവതി∙ ചുഴലിക്കാറ്റിൽ കൃഷി നശിച്ചതിൽ മനംനൊന്ത് കർഷകൻ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണു സംഭവം. തിങ്കളാഴ്ച വീശിയടിച്ച പെതായി ചുഴലിക്കാറ്റിനെ തുടർന്നു രണ്ട് ഏക്കറിലെ നെൽകൃഷി മുഴുവനായി നശിച്ചതു കണ്ടാണ് അറുപത്തിയൊൻപതുകാരനായ ചിന്നറാവു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചു.

ചൊവാഴ്ച ബണ്ടുകൾ തുറന്നുവിട്ടു നെല്ല് കൊയ്യാൻ സാധിക്കുമോയെന്നു നോക്കുന്നതിനാണ് ചിന്നറാവു പാടത്തേക്കു പോയത്. എന്നാൽ കൃഷി പൂർണമായി നശിച്ചതു കണ്ട അദ്ദേഹം പാടത്തു കുഴഞ്ഞുവീഴുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഇതിനു മുൻപും ചുഴലിക്കാറ്റിൽ കൃഷി നശിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

പെതായി ചുഴലിക്കാറ്റിനെ തുടർന്നു സംസ്ഥാനത്ത് ഉടനീളം വ്യാപക കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ 60,000 ഏക്കർ ഭൂമിയിലെ കൃഷിയാണു നശിച്ചത്. ഏകദേശം 243 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണു കണക്ക്. ചൊവാഴ്ച ഒഡീഷ തീരത്തേയ്ക്കു നീങ്ങിയ ചുഴലിക്കാറ്റിനെ തുടർന്നു വിവിധ ഭാഗങ്ങളിൽ കനത്ത മഴയും പെയ്യുന്നുണ്ട്. 11,000 ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലാണ്. രണ്ടു മാസം മുൻപു വീശിയടിച്ച തിതിലി ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് ആന്ധ്രയിൽ ഉണ്ടായത്.