18 ലക്ഷം വീശിയെറിഞ്ഞ് യുവ കോടീശ്വരന്‍; വിഡിയോ വൈറൽ, ഒടുക്കം അറസ്റ്റിൽ

കെട്ടിടത്തിനു മുകളിൽനിന്നു പറത്തിവിട്ട പണം. ചിത്രം: ഇപോക്ക് ക്രിപ്റ്റോകറൻസി, ഫെയ്സ്ബുക്

സെൻട്രൽ (ഹോങ്കോങ്)∙ 18 ലക്ഷത്തോളം രൂപ മൂല്യം വരുന്ന ഹോങ്കോങ് ഡോളർ ബഹുനില കെട്ടിടത്തിൽനിന്നു താഴേക്ക് വീശിയെറിഞ്ഞ ഹോങ്കോങ്ങിലെ കോടീശ്വരനായ യുവാവ് ഒടുവില്‍ അറസ്റ്റിലായി. ഞായറാഴ്ച രാവിലെ തന്റെ ആഡംബര സ്പോർട്സ് കാറിൽ ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെത്തിയ വോങ് ചിങ്–കിറ്റ് (24) ആണ് കെട്ടിടത്തിനു മുകളില്‍ കയറി കാശ് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ഇയാളെ  പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ഇടപാടു വഴിയാണ് ഇയാൾ കോടിപതിയായതെന്നാണു വിവരം. വോങ്, കാറിൽ സ്ഥലത്തേക്ക് എത്തുന്നതിന്റെയും കെട്ടിടത്തിനു മുകളിൽനിന്നു കാശ് പറത്തിവിടുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വലിച്ചെറിഞ്ഞ കാശ് താഴെ നിൽക്കുന്നവർ പെറുക്കിയെടുക്കുന്നുണ്ട്. രണ്ടു ലക്ഷം ഹോങ്കോങ് ഡോളറാണ് (ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപ) ഇയാൾ പറത്തിവിട്ടതെന്നാണു മാധ്യമ റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്യപ്പെടുന്നതും സ്വന്തം ഫെയ്സ്ബുക് പേജ് വഴി ഇയാൾ ലൈവായി കാണിച്ചിരുന്നു. പണക്കാരെ കൊള്ളയടിച്ചു പാവങ്ങളെ സഹായിക്കണമെന്നതാണു തന്റെ ആഗ്രഹമെന്നും വോങ് പറയുന്നു.