‘മുഖ്യമന്ത്രിയുടെ കയ്യിൽ ജോലി ഇരിപ്പില്ല’ – സനലിന്റെ ഭാര്യയെ അവഹേളിച്ച് മന്ത്രി മണി

മന്ത്രി എം.എം. മണി, കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തെ മന്ത്രി എം.എം. മണി അവഹേളിച്ചെന്നു പരാതി. ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്ന് മന്ത്രി സനലിന്റെ ഭാര്യ വിജിയോടു പറഞ്ഞു. ജോലിക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിൽ സമരം കിടക്കാതെ പോയി മുഖ്യമന്ത്രിയെ കാണണം. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യിൽ ജോലി ഇരിപ്പില്ലെന്നും മന്ത്രി പറഞ്ഞു.‌

സനലിന്റെ ഭാര്യ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തിൽ പ്രതികരണമുണ്ടായത്. സർക്കാർ തുടർച്ചയായി തന്നെ വേദനിപ്പിക്കുകയാണെന്ന് വിജി മനോരമ ന്യൂസിനോടു പറഞ്ഞു. സഹായത്തിനായി പല മന്ത്രിമാരെയും വിളിച്ചിരുന്നു. ഫോൺ എടുത്തത് മണി മാത്രമാണ്. കടകംപള്ളിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്ന കാര്യം അറിയിച്ചപ്പോൾ സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാനായിരുന്നു മന്ത്രിയുടെ ഉപദേശം – വിജി പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കിടക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി മണി വിജിയോട് ആവശ്യപ്പെട്ടു. ഫോൺ സംഭാഷണം അവസാനിപ്പിച്ച വിജി സമരപ്പന്തലിൽ ഇരുന്നു പൊട്ടിക്കരഞ്ഞു. ഡിവൈഎസ്പി ഹരികുമാർ പ്രതിയായ സനലിന്റെ കൊലപാതകക്കേസിൽ നീതി തേടിയാണ് കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. നഷ്ടപരിഹാര തുകയായി സാധാരണ നൽകുന്ന 10,000 രൂപ പോലും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നു വിജി നേരത്തേ ആരോപിച്ചിരുന്നു.