പിറവം പള്ളിത്തർക്കം: കേസ് പരിഗണിക്കുന്നതിൽ നിന്ന് പുതിയ ബെഞ്ചും പിന്മാറി

കൊച്ചി∙ പിറവം പള്ളിത്തർക്കം പരിഗണിക്കുന്നതിൽനിന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വി.ചിദംബരേഷ്, നാരായണ പരിഷരാടി എന്നിവരാണു കേസ് പരിഗണിക്കുന്നതിൽനിന്നു പിന്മാറിയത്. ജസ്റ്റിസ് ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട മറ്റുകേസുകളിൽ കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ സഭയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതാണ് ഇരുവരും പിന്മാറാൻ കാരണം. ഇങ്ങനെ പോയാൽ ഈ കേസു പരിഗണിക്കാൻ ജ‍ഡ്ജിമാരില്ലാതെ വരുമോയെന്നു ചോദിച്ചുകൊണ്ടായിരുന്നു ജ‍ഡ്ജിമാരുടെ പിന്മാറ്റം.

പിറവം പള്ളിക്കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നേരത്തെ പിന്മാറിയിരുന്നു. ജഡ്ജിമാരിലൊരാൾ അഭിഭാഷകനായിരിക്കെ സഭാതർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് 5 വിശ്വാസികൾ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലാണു ഇത്.

സുപ്രീംകോടതി വിധി അനുസരിച്ച്, പിറവം പള്ളിയിൽ തടസ്സമില്ലാതെ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് സഭാ വികാരി നൽകിയ ഹർജിയാണു പരിഗണിക്കുന്നത്.