രക്തസമ്മർദം കുറഞ്ഞു; സനലിന്റെ ഭാര്യ വിജി സമരപ്പന്തലിൽ കുഴഞ്ഞുവീണു

വിജിയെ ആശുപത്രിയിലേക്കു മാറ്റുന്നു

തിരുവനന്തപുരം∙ ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെ കാറിനുമുന്നിലേക്കു വീണുമരിച്ച നെയ്യാറ്റികര സ്വദേശി സനലിന്റെ ഭാര്യ വിജിയെ സെക്രട്ടേറിയറ്റിനു മുന്നിലെ സത്യഗ്രഹ പന്തലില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിമാര്‍ നല്‍കിയ വാദ്ഗാനങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് 12 ദിവസം മുന്‍പാണ് വിജിയും കുടുംബവും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ജോലി നല്‍കാമെന്നും കടങ്ങള്‍ എഴുതിത്തള്ളാമെന്നും രാഷ്ട്രീയ നേതൃത്വം ഇവര്‍ക്കു വാക്കു നല്‍കിയിരുന്നു. 

നഷ്പരിഹാര തുകയായി സാധാരണ നല്‍കുന്ന 10,000 രൂപപോലും കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നു സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും സമരം തുടങ്ങുന്നതിനു മുന്‍പു നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. സനലിന്റെ വരുമാനത്തില്‍നിന്നാണ് ലോണ്‍ അടച്ചിരുന്നത്. ഇപ്പോള്‍ ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കുടുംബത്തിലുള്ളവര്‍ക്ക് ജോലിയും നഷ്ടപരിഹാരവും മന്ത്രിസഭ നല്‍കാറുണ്ട്. അതും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനായി കുട്ടികളോടൊപ്പം സെക്രട്ടേറിയറ്റില്‍ രാവിലെ 8 മണിക്ക് എത്തിയെങ്കിലും വൈകിട്ട് 7.30നാണ് കാണാന്‍ അനുമതി ലഭിച്ചത്. സംഭവം നടക്കുന്നത് നവംബര്‍ 5നാണ്. ഇതിനുശേഷം നടന്ന ഒരു മന്ത്രിസഭായോഗത്തില്‍പോലും വിഷയം പരിഗണിച്ചില്ലെന്നും വിജി വ്യക്തമാക്കിയിരുന്നു. പരാതി പറയാന്‍ സത്യഗ്രഹ പന്തലില്‍നിന്നും ഫോണില്‍ വിളിച്ചപ്പോള്‍ വൈദ്യുതി മന്ത്രി എം.എം മണി ശകാരിച്ചെന്നും വിജി മാധ്യമങ്ങളോട് െവളിപ്പെടുത്തിയിരുന്നു.

സനല്‍ മരിച്ച സംഭവത്തില്‍ ഡിവൈഎസ്പിയേയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. വാഹനമിടിച്ച സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസുകാര്‍ ആദ്യം തയാറായില്ല. അര മണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷമാണ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ്, ഒളിവില്‍ കഴിഞ്ഞിരുന്ന ഡിവൈഎസ്പി കല്ലമ്പലത്തെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.