ധനകാര്യ ബിൽ പാസാക്കാതെ സെനറ്റ്; വീണ്ടും ഭരണസ്തംഭനത്തിലേക്കു യുഎസ്

വാഷിങ്ടൻ∙ സെനറ്റ് ധനകാര്യ ബിൽ പാസാക്കാത്തതിനെത്തുടർന്ന് യുഎസ് സർക്കാർ പാതി സ്തംഭനാവസ്ഥയിലേക്ക്. മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ പണം അനുവദിക്കണമെന്ന ആവശ്യവും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ചിട്ടുണ്ട്. യുഎസ് സമയം ശനിയാഴ്ച പുലർച്ചെ 12.01ന് (ഇന്ത്യൻ സമയം രാവിലെ 10.30) നിരവധി പ്രധാനപ്പെട്ട ഏജൻസികളുടെ പ്രവർത്തനം നിലച്ചു. ക്യാപിറ്റോൾ ഹില്ലിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും കോൺഗ്രസിലെ പാർട്ടി നേതാക്കളും ചർച്ച നടത്തിയെങ്കിലും ഭരണസ്തംഭനം അനിവാര്യമാകുകയായിരുന്നു.

മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ 5 ബില്യൺ യുഎസ് ഡോളർ വേണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാൽ ഇക്കാര്യം ഡെമോക്രാറ്റുകൾ ശക്തമായി എതിർത്തു. ഇരുകൂട്ടർക്കും ഒത്തുതീർപ്പിലെത്താനാകാത്തതിനാൽ പാതിരാത്രി കഴിഞ്ഞിട്ടും തീരുമാനമായില്ല. ഇതോടെ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. ഈ വർഷത്തെ മൂന്നാമത്തെ ഭരണസ്തംഭനമാണ് ഇത്തവണത്തേത്. ക്രിസ്മസ് അവധിദിനങ്ങൾ വരുമ്പോഴുണ്ടാകുന്ന പ്രതിസന്ധി യുഎസിലെ ശക്തമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. 8 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരും. ആഭ്യന്തര സുരക്ഷാ വിഭാഗം, നീതിന്യായ വിഭാഗം കൃഷി വിഭാഗം തുടങ്ങിയവയെ ഒക്കെ ഇതു ബാധിക്കും.

കുടിയേറ്റ നയത്തില്‍ മാറ്റംവരുത്താതെ മുന്നോട്ടു പോകുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഏതു വിധേനയും മതില്‍ കെട്ടാനുള്ള ബില്‍ പാസാക്കിയെടുക്കണം. ഇതിനു വലിയ കടമ്പയാണു സെനറ്റ്. നൂറ് അംഗങ്ങളുള്ള സെനറ്റില്‍ 50 അംഗങ്ങളാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ബിൽ പാസാക്കാന്‍ 60 അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഡെമോക്രാറ്റുകള്‍ ബില്ലിനെ പിന്തുയ്ക്കില്ലെന്ന് ഉറപ്പായതോടെ ന്യൂക്ലിയര്‍ ഓപ്ഷനുള്ള സാധ്യത തേടുകയാണു പ്രസിഡന്റ്. 60 വോട്ടുകള്‍ക്കു പകരം 51 വോട്ടുകളോടെ ബിൽ പാസാക്കുന്ന വ്യവസ്ഥയാണു ന്യൂക്ലിയര്‍ ഓപ്ഷന്‍. എന്നാല്‍ ഇതിനെ റിപ്പബ്ലിക്കന്‍ അംഗങ്ങൾ തന്നെ എതിര്‍ക്കുകയാണ്.