സമരം അവസാനിപ്പിച്ചെന്ന് വിജി വാര്‍ത്താസമ്മേളനം നടത്തണം; സര്‍ക്കാര്‍ ജോലിക്ക് സിപിഎം ഉപാധി

സനലിന്റെ ഭാര്യ വിജി (ഇടത്), സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ (നടുവില്‍), വിജിയുടെ പിതാവ് വർഗീസ് (വലത്)

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിനു മുമ്പില്‍ സര്‍ക്കാര്‍ സഹായത്തിന് ഉപാധിവച്ചു സിപിഎം. സെക്രട്ടേറിയറ്റിനുമുമ്പില്‍ നടക്കുന്ന സമരം അവസാനിപ്പിച്ചെന്നു വാര്‍ത്താസമ്മേളനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ പറഞ്ഞു. സനലിന്റെ ഭാര്യാപിതാവിനെ പാര്‍ട്ടി ഒാഫിസില്‍ വിളിച്ചുവരുത്തിയാണു സമ്മര്‍ദ്ദം ചെലുത്തിയത്. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്നും ആനാവൂര്‍ പറഞ്ഞതായി വിജിയുടെ പിതാവ് വര്‍ഗീസ് മനോരമ ന്യൂസിനോടു പറഞ്ഞു.

ജോലിയുടെ കാര്യം സംസാരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാനെന്നു പറഞ്ഞാണു വിജിയുടെ പിതാവ് വര്‍ഗീസിനെ വിളിച്ചു വരുത്തിയത്. നെയ്യാറ്റിന്‍കര എംഎല്‍എ കെ.എ.ആന്‍സലനാണു ശനിയാഴ്ച കൂട്ടിക്കൊണ്ടു പോയത്. എത്തിച്ചതു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫിസില്‍ ജില്ലാ സെക്രട്ടറിയുടെ മുമ്പിലും. ഒത്തുതീര്‍പ്പു ചര്‍ച്ചയെക്കുറിച്ചു മാധ്യമങ്ങളോടു വെളിപ്പെടുത്തരുതെന്നും നിര്‍ദേശിച്ചു.

പ്രതിയായ ഡിവൈഎസ്പിയെ ഒളിപ്പിച്ചതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു. നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നൽകി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ എല്ലാവരും വാഗ്ദാനങ്ങള്‍ മറന്നു.

സെക്രട്ടേറിയറ്റിനു മുമ്പില്‍ പതിന‍ഞ്ച് ദിവസമായി സമരത്തിലാണ് സനലിന്റെ അമ്മയും ഭാര്യയുമടക്കം കുടുംബാംഗങ്ങള്‍. മുഖ്യമന്ത്രിയെക്കണ്ട് സഹായം അഭ്യര്‍ഥിച്ചെങ്കിലും മാനുഷിക പരിഗണന പോലും കുടുംബത്തിന് ലഭിച്ചില്ലെന്നു മാത്രമല്ല മന്ത്രി എം.എം.മണിയെപ്പോലുള്ളവര്‍ അവഹേളിച്ചെന്നുമാണു കുടുംബത്തിന്റെ പരാതി.