ക്രിസ്മസ് ആശംസകൾ നേർന്ന് ഗവർ‍ണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്

തിരുവനന്തപുരം∙ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു ഗവർ‍ണർ പി.സദാശിവം. സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ. സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാകട്ടെ ഈ ക്രിസ്മസെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം

എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സാഹോദര്യത്തിന്റേയും  സ്നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികൾക്കു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ പിറവി തന്നെ. 

നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച കാലം കൂടിയാണിത്.  പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവർ ക്രിസ്മസിന്റെ സന്ദേശം തന്നെയാണ് ഉൾക്കൊള്ളുന്നത്. കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാ നിര്‍ഭരമായ  നല്ല നാളെയിലേക്ക് ചുവടു വെക്കാന്‍ ക്രിസ്തുമസ്  നമുക്ക് കരുത്തേകുമെന്നും   മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ക്രിസ്മസ് ആശംസകള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാവര്‍ക്കും ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഓരോ ക്രിസ്മസും നമുക്ക് നല്‍കുന്നത്. സ്‌നേഹവും, പരസ്പര വിശ്വാസവും  സഹിഷ്ണുതയും, നഷ്ടപ്പെട്ട് പോകുന്ന ഇക്കാലത്ത്   നിന്നെപ്പോലെ നിന്റെ  അയല്‍ക്കാരനെയും  സ്‌നേഹിക്കാന്‍ നമ്മെ പഠിപ്പിച്ച   ക്രിസ്തുവിന്റെ ജീവിതവും,    വചനങ്ങളും നമ്മെ മുന്നോട്ടു നയിക്കട്ടെ എന്നും രമേശ്  ചെന്നിത്തല ആശംസിച്ചു.