Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വീപ്പർ നിയമന വിവാദത്തിൽ ഗവർണര്‍ ഇടപെട്ടു; ജനുവരി അഞ്ചിനകം റിപ്പോർട്ട് നൽകാൻ നിർദേശം

P. Sathasivam

തിരുവനന്തപുരം∙ കുസാറ്റിലെ സ്വീപ്പർ നിയമന വിവാദത്തിൽ ഇടപെട്ട് ഗവർണർ പി.സദാശിവം. സംഭവത്തിൽ റിപ്പോർട്ട് നൽകുന്നതിന് ഗവർണർ പി. സദാശിവം ആവശ്യപ്പെട്ടു. ജനുവരി അഞ്ചിനകം റിപ്പോർട്ട് നൽകണമെന്നാണു നിര്‍ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

സിപിഎമ്മുകാർക്കു വേണ്ടി നിയമന റാങ്ക് ലിസ്റ്റിൽ കൃത്രിമം നടന്നുവെന്നാണ് ആരോപണം ഉയർന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങൾ ചോർത്തി ഉദ്യോഗാർഥികളെ അറിയിച്ചതാണു വിവാദത്തിലായത്. പ്രാദേശിക നേതാവ് കൂടി ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 20 പേരുകളും പുറത്തായി. സ്വീപ്പർ തസ്തികയിലേക്കു 2010 ഓഗസ്റ്റ് 14നു നടന്ന എഴുത്തുപരീക്ഷയിലെ ചോദ്യപേപ്പർ പുറത്തായതു വിവാദമായിരുന്നു.

സ്വീപ്പർ കം ക്ലീനർ തസ്തികയിലേക്കു ഉദ്യോഗാർഥികളുമായി നടത്തിയ അഭിമുഖത്തിൽ പാർട്ടി ഓഫിസിൽ നിന്നു നൽകിയ ലിസ്റ്റിലുള്ളവർക്കു 17 മാർക്കു വീതം നൽകണമെന്നു ആവശ്യപ്പെട്ടിരുന്നതായും വെളിപ്പെടുത്തലുണ്ടായി. നിയമനം ലഭിക്കില്ലെന്നറിഞ്ഞവരിൽ ചിലർ പ്രതിഷേധം ഉയർത്തിയതോടെയാണ് ഈ വിവരം പുറത്തായത്.