വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ നടപടി; കുടുംബശ്രീക്ക് ഭീഷണി, വായ്പ പ്രതീക്ഷിക്കരുത്

തിരുവനന്തപുരം ∙ വനിതാ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്ന് ഭീഷണിസന്ദേശങ്ങള്‍ പ്രചരിക്കുന്നു. കുടുംബശ്രീയുടെ മലപ്പുറ‌ം അസിസ്റ്റന്റ് ജില്ല മിഷന്‍ കോഓർഡിനേറ്ററുടെ മുന്നറിയിപ്പ് എന്ന നിലയിലാണ് വായ്പയും ആനുകൂല്യങ്ങളും തടയുമെന്ന ഭീഷണി വാട്സാപ് സന്ദേശമായി പരക്കുന്നത്.

വനിതാപങ്കാളിത്തം കുറഞ്ഞാല്‍ ആ അയല്‍ക്കൂട്ടങ്ങളുടെ പേരും അഫിലിയേഷന്‍ നമ്പറും കൈമാറണമെന്ന് കുടുംബശ്രീ മലപ്പുറം ജില്ലാ അസിസ്റ്റന്റ് മിഷന്‍ കോഓർഡിനേറ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വനിതകള്‍ക്കിടയില്‍ പരക്കുന്ന സന്ദേശം. പറയുന്നത്ര പങ്കാളിത്തം നല്‍കാനാവാത്ത അയല്‍ക്കൂട്ടങ്ങള്‍ പിന്നെ ജില്ലാ മിഷന് ആവശ്യമില്ല. വായ്പ അടക്കമുളള ആനുകൂല്യങ്ങളും പിന്നീട് പ്രതീക്ഷിക്കരുതെന്നുമാണ് സന്ദേശം പരക്കുന്നത്.

കുട്ടികളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന ഹൈക്കോടതി നിര്‍ദേശവും കാര്യമാക്കേണ്ടതില്ലെന്നാണ് സന്ദേശത്തില്‍ പറയുന്നത്. 15 വയസെങ്കിലും പ്രായമായ പെണ്‍കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ നിര്‍ബന്ധമായും വനിതാ മതിലില്‍ പങ്കെടുപ്പിക്കണം. ‌വനിതാമതിലുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം ജില്ലാ മിഷന്‍ വഹിക്കുമെന്നും സന്ദേശം വ്യക്തമാക്കുന്നു.