ഒരുവയസ്സുകാരി ട്രെയിനിൽ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ട്രെയിൻ യാത്രയ്ക്കിടെ മരിച്ച മറിയം.

മലപ്പുറം∙ സീറ്റും വൈദ്യസഹായവും ലഭിക്കാതെ ഒരുവയസ്സുകാരി ട്രെയിനിൽ മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അടിയന്തര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മനോരമ വാർത്തയെത്തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും ഇടക്കാല റിപ്പോർട്ടിൽ ഉണ്ടാകണമെന്ന് കമ്മിഷൻ അംഗം കെ.മോഹൻകുമാറിന്റെ ഉത്തരവിൽ ആവശ്യപ്പെട്ടു. ഉത്തരവ് കമ്മിഷൻ ഉദ്യോഗസ്ഥർ ഡിആർഎം ഓഫിസിലെത്തി നേരിട്ടു കൈമാറുകയായിരുന്നു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി ഫാ.ജേക്കബ് കല്ലിച്ചേത്ത് കമ്മിഷനു പരാതി നൽകിയിട്ടുമുണ്ട്. കണ്ണൂർ ഇരിക്കൂറിലെ ഷമീർ– സുമയ്യ ദമ്പതികളുടെ മകൾ മറിയമാണ് മാവേലി എക്സ്പ്രസിലെ യാത്രയ്ക്കിടയിൽ ബുധനാഴ്ച രാത്രി മരിച്ചത്.