വടകര സീറ്റിനായി അവകാശവാദമുന്നയിച്ച് വീരേന്ദ്രകുമാർ; എൽഡിഎഫിൽ പുതിയ തർക്കം?

എം.പി.വീരേന്ദ്ര കുമാര്‍, മനയത്ത് ചന്ദ്രന്‍

കോഴിക്കോട്∙ ഇടതുമുന്നണി പ്രവേശത്തിനു പിന്നാലെ വടകര ലോക്സഭാ സീറ്റില്‍ അവകാശവാദമുന്നയിച്ചു ലോക്താന്ത്രിക് ജനതാദൾ (എല്‍ജെഡി). തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിയതായി ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചക‍ള്‍ ആരംഭിച്ചിട്ടില്ലെന്നാണു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

2009ല്‍ കോഴിക്കോട് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണു എം.പി. വീരേന്ദ്രകുമാറിനെയും കൂട്ടരെയും എല്‍ഡിഎഫില്‍നിന്ന് യുഡിഎഫില്‍ എത്തിച്ചത്. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും എല്‍ഡിഎഫില്‍ പ്രവേശിക്കുമ്പോഴും ലോക്സഭാ സീറ്റ് തര്‍ക്ക വിഷയമാവുകയാണ്. വടകര പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നാണ് എല്‍ജെഡി ജില്ലാ നേതൃത്വത്തിന്‍റെ വാദം.

എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും സീറ്റിന്‍റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. സീറ്റിനെ സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണു സിപിഎമ്മിന്‍റെയും നിലപാട്.