ലണ്ടനിൽനിന്ന് ക്രിസ്മസ് സമ്മാനമായി ഐഫോൺ അയച്ചുതരും; വാങ്ങരുത്!

ബ്രിട്ടീഷ് കസ്റ്റംസ് ഏജൻസിയിൽനിന്നുള്ള ഇൻവോയിസ് എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുകൊടുത്ത രേഖ (ഇടത്); തൃശൂർ സ്വദേശിക്ക് തട്ടിപ്പുകാരൻ അയച്ച ഫോൺസന്ദേശങ്ങളുടെ സ്ക്രീൻഷോട്ട്.

തൃശൂർ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ സുഹൃത്തുക്കള്‍ നിങ്ങൾക്കുണ്ടോ? അവരിലാരെങ്കിലും ആപ്പിൾ ഐഫോണും ഐപാഡും ലാപ്ടോപ് കംപ്യൂട്ടറും അയച്ചുതരാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ സൗഹൃദം കയ്യോടെ അവസാനിപ്പിച്ചോളൂ. തൃശൂരിൽ ഐഫോൺ വാഗ്ദാനം കേട്ട് ഇറങ്ങിത്തിരിച്ച 3 പേർക്ക് 19,000 രൂപ വീതം നഷ്ടപ്പെട്ടു. 59,000 രൂപ കൂടി തട്ടിപ്പുകാർ ആവശ്യപ്പെട്ടെങ്കിലും നേരിയ സംശയം തോന്നി കൂടുതൽ അന്വേഷിച്ചപ്പോഴാണു തട്ടിപ്പാണെന്നു വ്യക്തമായത്. മൂന്നുപേരും പരാതിയുമായി ഈസ്റ്റ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർക്ക് 78,000 രൂപവരെ നഷ്ടപ്പെട്ടതായി വിവരമുണ്ട്. നാണക്കേട് ഭയന്ന് ആരും പരാതി നൽകിയിട്ടില്ലെന്നു മാത്രം.

ഫെയ്സ്ബുക്കിലൂടെ പരിചയം സ്ഥാപിച്ചശേഷം രണ്ടോ മൂന്നോ മാസം കൊണ്ടു സൗഹൃദം വളർത്തുകയും വിശ്വാസ്യത നേടുകയും ചെയ്ത ശേഷമാണു തട്ടിപ്പുകാർ പണം അടിച്ചുമാറ്റുന്നത്. ഇംഗ്ലണ്ടിൽനിന്നാണു തട്ടിപ്പുസംഘത്തിന്റെ ‘ഓപ്പറേഷനു’കൾ. തൃശൂർ സ്വദേശിയായ യുവാവിനു രണ്ടുമാസം മുൻപാണു ലണ്ടനിൽനിന്നു ഫെയ്സ്ബുക്കിൽ ഫ്രണ്ട്സ് റിക്വസ്റ്റ് വന്നത്. ഫ്രാങ്ക് എഡ്വേർഡ് എന്ന പേരിലായിരുന്നു അജ്ഞാതന്റെ പരിചയപ്പെടൽ. രണ്ടുമാസത്തെ ചാറ്റിങ്ങിലൂടെ സൗഹൃദം വേരുറച്ചു. ക്രിസ്മസ് സമ്മാനമായി തൃശൂർ സ്വദേശിക്ക് രണ്ട് ആപ്പിൾ ഐഫോണുകളും പ്രൊജക്ടറും ലാപ്ടോപ്പും അയച്ചുനൽകാമെന്നു സുഹൃത്ത് വാഗ്ദാനം ചെയ്തു.

സമ്മാനവാഗ്ദാനത്തിൽ യുവാവ് വീണു. 4 പെട്ടികളിലായി വിമാനമാർഗം ഡൽഹിയിലേക്കു പാഴ്സൽ എത്തുകയും ചെയ്തു. ഇതോടെ യുവാവിനു ശരിക്കും വിശ്വാസമായി. പ്രൊസസിങ് ഫീസ് ഇനത്തിൽ 19,700 രൂപ അയച്ചുനൽകണമെന്നു ഫ്രാങ്ക് എഡ്വേർഡ് ആവശ്യപ്പെട്ടതനുസരിച്ചു യുവാവ് പണം അക്കൗണ്ടിലേക്ക് അയച്ചുനൽകി. യുകെയിൽനിന്നുള്ള നമ്പറിൽനിന്നായിരുന്നു ഫ്രാങ്കിന്റെ വിളികൾ.
‌‌‌
തൊട്ടുപിന്നാലെ ഡൽഹിയിലെ കസ്റ്റംസ് ഓഫിസിൽനിന്നാണെന്നു പറഞ്ഞു വീണ്ടുമൊരു വിളിവന്നു. പാഴ്സലിനുള്ളിൽ 14,000 പൗണ്ടിന്റെ കറൻസിയുണ്ടെന്നും നികുതിയടച്ചാലേ പണം നൽകാനാവൂ എന്നും അവർ അറിയിച്ചു. 12 ലക്ഷം രൂപയോളം കറൻസിക്കു മൂല്യമുണ്ടെന്നു കണ്ടതോടെ യുവാവ് നികുതി ഇനത്തിൽ 59,000 രൂപ കൂടി അക്കൗണ്ടിലേക്ക് അയച്ചുനൽകാനൊരുങ്ങി. എന്നാൽ, നേരിയ സംശയത്തിന്റെ പുറത്ത് വീട‍ിനടുത്തുള്ള ബാങ്കിലെത്തി മാനേജറോടു ചോദിച്ചപ്പോഴാണ് ശുദ്ധതട്ടിപ്പാണെന്നു വ്യക്തമായത്. ഇതേ മാതൃകയിൽ കേരളത്തിൽ പലയിടത്തും തട്ടിപ്പ് നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.