Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോഹരം, മഞ്ഞപ്പട!

TOPSHOT-FBL-WC-2018-BRA-BOL

നേറ്റൽ ∙ ബ്രസീലിന്റെ തിരിച്ചുവരവിൽ ഇനി സംശയങ്ങളില്ല. ഒളിംപിക്സ് മുതലുള്ള ഉജ്വലഫോം തുടരുന്ന മഞ്ഞപ്പട ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയയെ തകർത്തുവിട്ടു (5–0). പരിശീലകനായി ചുമതലയേറ്റെടുത്ത മൂന്നാം മൽസരത്തിലും ടിറ്റെയ്ക്കു വിജയസ്മിതം. ഒരു ഗോൾ നേടുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത നെയ്മർതന്നെ ബ്രസീലിന്റെ വിജയശിൽപി. രണ്ടാം പകുതിയിൽ ബൊളീവിയൻ ഡിഫൻ‍ഡറുമായി കൂട്ടിയിടിച്ചു മുഖത്തുനിന്നു ചോരയൊലിച്ച നെയ്മറെ കോച്ച് ടിറ്റെ തിരിച്ചുവിളിച്ചു. പരുക്കു ഗുരുതരമല്ലെന്നാണു സൂചന.

Brazil Bolivia Wcup Soccer

അർജന്റീനയുടെ വിധി നേരെ വിപരീതം. സൂപ്പർ താരം ലയണൽ മെസ്സിയെ കൂടാതെ കളിച്ച രണ്ടാം മൽസരത്തിലും അവർക്കു സമനില. പെറുവിനോടു 2–2നു കുരുങ്ങിയതോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കു വീഴുകയും ചെയ്തു. വെനസ്വേലയെ 3–0നു തോൽപിച്ച യുറഗ്വായ് ബ്രസീലിനു മുന്നിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. കോപ്പ അമേരിക്ക ജേതാക്കളായ ചിലെയെ ഇതേ സ്കോറിനു ഞെട്ടിച്ച ഇക്വഡോറാണു മൂന്നാമത്. കൊളംബിയ പാരഗ്വായെ 1–0നു തോൽപിച്ചു.

സ്വന്തം മണ്ണിൽ ബ്രസീൽ ഇതിനു മുൻപും ബൊളീവിയയോടു തോറ്റിട്ടില്ല എന്നതൊരു ചരിത്രസത്യം. എങ്കിലും ഈ ജയം കൂടുതൽ തിളക്കമുള്ളതാണ്. നെയ്മർ നിറഞ്ഞാടിയ ആദ്യപകുതിയിൽ ബ്രസീലിന്റേത് ഉജ്വല പ്രകടനം. അഞ്ചിൽ നാലു ഗോളും പിറന്നതും ഇടവേളയ്ക്കു മുൻപുതന്നെ. പത്താം മിനിറ്റിൽത്തന്നെ നെയ്മർ ബ്രസീലിന്റെ ഗോളടി തുടങ്ങി. മധ്യനിരയ്ക്കടുത്തു നിന്ന് റൊണാൾഡോ റാൾഡെസിൽനിന്നു പന്തു റാ‍ഞ്ചിയ നെയ്മർ ബോക്സിൽ അതു ഗബ്രിയേൽ ജീസസിനു പാസ് ചെയ്തു. ഗോളി മാത്രം മുന്നിൽ നിൽക്കെ ജീസസ് അതു ക്യാപ്റ്റനുതന്നെ തിരിച്ചു നിൽകി. ഒന്നു നീക്കിയിടേണ്ട പണിയേ നെയ്മറിനുണ്ടായിരുന്നുള്ളൂ.

ഗ്വിലിയാനോയും ഡാനി ആൽവസും ചേർന്നൊരുക്കിയ നീക്കത്തിൽനിന്നു ഫിലിപ്പെ കുടീന്യോ രണ്ടാം ഗോൾ നേടി. മൂന്നാമത്തേതു തുടങ്ങിയതും അവസാനിപ്പിച്ചതും ഫിലിപ്പെ ലൂയിസ് തന്നെ. നെയ്മർ ഇടനിലക്കാരനായെന്നു മാത്രം. ഇടവേളയ്ക്കു തൊട്ടുമുൻപു വീണ്ടും നെയ്മറുടെ മാജിക്. മനോഹരമായ പാസ് ജീസസ് ഗോളിയുടെ മുകളിലൂടെ ചിപ് ചെയ്തിട്ടു. 69–ാം മിനിറ്റിൽ ബൊളീവിയൻ താരം യാസ്മാനി ഡുകിന്റെ കൈമുട്ട് നെയ്മറുടെ മുഖത്തു കൊള്ളുകയായിരുന്നു. ചോര വാർന്ന മുഖവുമായി മൈതാനംവിട്ട താരത്തെ ഗാലറി എഴുന്നേറ്റു നിന്നാണു യാത്രയാക്കിയത്. പിന്നാലെ റോബർട്ടോ ഫിർമിനോ ഹെഡറിലൂടെ ബൊളീവിയയുടെ കഷ്ടകാലം പൂർണമാക്കി.

ഡിഫൻഡർ റാമിറോ ഫുണെസ് മോറി ഹീറോയും വില്ലനുമായ കളിയിലാണ് അർജന്റീന പെറുവിനോടു സമനില വഴങ്ങിയത്. 15–ാം മിനിറ്റിൽ അർജന്റീനയെ മുന്നിലെത്തിച്ച താരം പക്ഷേ കളിയുടെ അവസാനം പെറുവിനു പെനൽറ്റി കിക്കിനു വഴിയൊരുക്കി. ക്രിസ്ത്യൻ കുയേവ അതു ഗോളാക്കിയതോടെ അർജന്റീനയ്ക്കു തുടർച്ചയായ രണ്ടാം മൽസരത്തിലും സമനില. അതിനു മുൻപു പെറുവിന്റെ വെറ്ററൻ സ്ട്രൈക്കർ പൗളോ ഗ്വുറെയ്റോയും അർജന്റീനയുടെ ഗോൺസാലോ ഹിഗ്വെയ്നും ഗോളുകൾ നേടി. നിക്കോളാസ് ഒട്ടാമെൻഡി, പാബ്ലോ സബലേറ്റ, ഫുണെസ് മോറി എന്നിവർക്കു മഞ്ഞക്കാർഡ് കിട്ടിയതോടെ പാരഗ്വായ്ക്കെതിരെ അടുത്ത കളിയിൽ അർജന്റീന കോച്ച് എഡ്വേർഡോ ബൗസയ്ക്കു പുതിയൊരു പ്രതിരോധനിരയെ പരീക്ഷിക്കേണ്ടിവരും.

SOCCER-WORLDCUP-ARG-PER/

എഡിൻസൺ കവാനിയുടെ ഇരട്ടഗോളുകളിലാണു യുറഗ്വായ് വെനസ്വേലയെ തോൽപിച്ചു വിട്ടത്. ഇക്വഡോറിനോടേറ്റ തോൽവി ചിലെയുടെ ലോകകപ്പ് സാധ്യതകൾതന്നെ ആശങ്കയിലാക്കി. യോഗ്യതാ റൗണ്ട് പാതി പിന്നിടുമ്പോൾ ഏഴാം സ്ഥാനത്താണു കോപ്പ അമേരിക്ക ചാംപ്യൻ‍മാർ. ആദ്യ നാലു സ്ഥാനക്കാരേ റഷ്യൻ ലോകകപ്പിനു നേരിട്ടു യോഗ്യത നേടൂ. അഞ്ചാം സ്ഥാനക്കാർ വൻകരാ പ്ലേഓഫ് കളിക്കണം.

related stories