ഗോളിൽ കളിച്ചാടാൻ നമ്മുടെ ബ്ലാസ്റ്റേഴ്സ്

കൊച്ചി∙ ആദ്യ സീസണിലെ ബ്ലാസ്റ്റേഴ്സിനെ ഓർക്കുന്നുണ്ടോ? ഗോളിനു മുന്നിൽ കോട്ടകെട്ടിയ, ആവശ്യത്തിനു മാത്രം ഗോൾ നേടിയ ശാന്തസുന്ദര ഫുട്ബോൾ കളിച്ച ടീം. കളത്തിനു പുറത്ത് ആളും ആരവവും സൃഷ്ടിച്ച ആ ടീമിന്റെ തുടർച്ചയാണു മൂന്നാം വരവിൽ കേരള ബ്ലാസ്റ്റേഴ്സ്. ഒരേയൊരു വ്യത്യാസം മാത്രം – ആവശ്യത്തിനു മാത്രം ഗോൾ നേടാനല്ല, ഗോൾ മാത്രം ആവശ്യമെന്ന മട്ടിലാണ് ഈ വരവ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം സ്റ്റീവ് കോപ്പൽ പരിശീലകനായെത്തുന്ന മഞ്ഞപ്പടയുടെ ലക്ഷ്യം ആക്രമണമാണ്.

∙ ഗോൾ തടയാൻ

വടക്കൻ അയർലൻഡിനു വേണ്ടി നൂറിലേറെ മൽസരങ്ങളിൽ കാവൽ നിന്ന പരിചയവുമായാണ് ആരോൺ ഹ്യൂസിന്റെ വരവ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ അഞ്ഞൂറോളം പോരാട്ടങ്ങളും ക്രെഡിറ്റിലുള്ള ഹ്യൂസിന് ഏതു പൊസിഷനിലും കളിക്കാനാകും. ഹ്യൂസിനൊപ്പം ഫ്രഞ്ച് ലീഗിലെ അനുഭവസമ്പത്തുള്ള സെഡ്രിക് ഹെങ്ബർട്ടും സെനഗൽ യുവതാരം എൽഹാജി എൻബോയെയുമാണു കാവൽദൗത്യത്തിലെ അതിഥിതാരങ്ങൾ. ഹെങ്ബർട്ടിനും എൻബോയെക്കും പൊസിഷൻ പ്രശ്നമേയല്ല.


ഇന്ത്യൻ റൈറ്റ്ബാക്ക് റിനോ ആന്റോയും സെന്റർ ബാക്ക് സന്ദേശ് ജിങ്കാനുമാണു സ്വദേശി സൈന്യാധിപർ. ബെംഗളൂരു എഫ്സി താരം റിനോ അത്‌ലറ്റിക്കോയിൽ നിന്നാണു നാട്ടിലെത്തുന്നത്. മൂന്നാമതും മഞ്ഞക്കുപ്പായമിടുന്ന ഈസ്റ്റ് ബംഗാൾ ബാക്ക് ഗുർവീന്ദർ സിങ്ങും മുംബൈയുടെ പ്രഥ്വീക് ചൗധരിയും ചേരുന്നതോടെ ബ്ലാസ്റ്റേഴ്സ് കോട്ടയ്ക്കു കനമേറും. ആർസനൽ, ലീഡ്സ് ക്ലബ്ബുകളുടെ രക്ഷാദൗത്യമേറ്റെടുത്തിട്ടുള്ള ഗ്രഹാം സ്റ്റാക്കിന്റെ പരിചയസമ്പത്തിലാണു ഗോൾകാവലിലെ പ്രതീക്ഷകൾ. മുപ്പത്തിയഞ്ചുകാരനായ ഐറിഷ് താരത്തിനു കൂട്ടായുള്ളത് ഇന്ത്യയിലെ സൂപ്പർ സീനിയറായ സന്ദീപ് നന്ദിയും പുണെ, മുംബൈ ടീമുകളിലെ മുഹമ്മദ് അൻസാരിയും കുനാൽ സാവന്തുമാണ്.

∙ ഗോൾ തേടാൻ

സെൻട്രൽ മിഡ്ഫീൽഡിൽ ഇന്ത്യൻ സീനിയർ–ജൂനിയർ ടീം പ്രതിനിധികളായ മുഹമ്മദ് റഫീഖും വിനീത് റായിയുമാണ് അവസരം തേടുന്നത്. കൊൽക്കത്തയ്ക്കു രണ്ടു സീസൺ കളിച്ചാണു റഫീഖ് വരുന്നത്. പതിനെട്ടുകാരൻ വിനീത് അരങ്ങേറ്റക്കാരനും. ബാർസ അക്കാദമിയിൽ കളി തുടങ്ങിയ സ്പാനിഷ് താരം ഹോസു പ്രീറ്റോ രണ്ടാമൂഴത്തിനെത്തുമ്പോൾ യായാ ടൂറെയുടെ കളരിയിൽ നിന്നെത്തുന്ന ഐവറികോസ്റ്റ് താരം ദിദ്‌യർ കാദിയയും ചാഡ് ദേശീയ ടീമിനു കളിക്കുന്ന അസ്റാക്ക് മഹമതും പുതു റിക്രൂട്ടുകളാകും. ഇരുവരും ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിക്കുന്നവർ.

ലാലിഗ പരിചയമുള്ള മഹമത് ഗ്രീസ് സൂപ്പർ ലീഗിൽ നിന്നു കാദിയ കസാഖ് ലീഗിൽ നിന്നുമാണ് ഇന്ത്യയിലെത്തുന്നത്. ക്യൂൻസ്പാർക്ക് റേഞ്ചേഴ്സിന്റെ കണ്ടെത്തലായ അന്റോണിയോ ജർമനും ബെംഗളൂരു എഫ്സിയുടെ മലയാളി താരം സി.കെ.വിനീതും ഇഷ്ഫാഖ് അഹമ്മദുമാണു വിങ്ങുകളേറ്റെടുക്കാൻ കാത്തുള്ളത്. സ്കോട്ടിഷ് പ്രീമിയർഷിപ് കളിച്ചാണു മുൻസീസണിൽ മിന്നിത്തിളങ്ങിയ ജർമന്റെ വരവ്. ഈസ്റ്റ് ബംഗാളിന്റെ വിശ്വസ്തൻ മെഹ്താബ് ഹൊസൈനും മലയാളിയായ കെ.പ്രശാന്തും കൂടി ചേരുന്നതോടെ മധ്യചിത്രം പൂർണമാകും.

∙ ഗോൾ നേടാൻ

യുവതുർക്കികളും പയറ്റിത്തെളി‍ഞ്ഞവരുമായി അര ഡസൻ സ്ട്രൈക്കർമാരാണ് ഊഴം കാത്തുള്ളത്. പോർച്ചുഗൽ പ്രീമിയർ ലിഗ കളിക്കുന്ന ഡക്കൻസ് നേസണിന്റെയും തുർക്കി ക്ലബ്ബിൽ നിന്നെത്തുന്ന കെർവെൻസ് ബെൽഫോർട്ടിന്റെയും കൂടിച്ചേരലാകും മുന്നേറ്റത്തിലെ ബ്ലാസ്റ്റിങ് കോംബോ. ഹെയ്തി ദേശീയ ടീമിന്റെ മുന്നണിപ്പോരാളികളായ ഇരുവരും അതിവേഗക്കാരാണ്, അപകടകാരികളുമാണ്. പക്ഷേ, ഇരുവരും വൈകി മാത്രമേ ടീമിനൊപ്പം ചേരൂ.

ഇംഗ്ലിഷ് താരം മൈക്കൽ ചോപ്രയുടെ ഊഴമാകും അതുവരെ. മുഹമ്മദ് റാഫി നയിക്കുന്ന ഇന്ത്യൻ വേട്ടക്കാരും മോശക്കാരല്ല. ഗോവ വിട്ടെത്തുന്ന തോങ്കോസിയാം ഹവോകിപ്പും കൗമാരക്കാരൻ ഫറൂഖ് ചൗധരിയും സ്കോറിങ് പാടവത്തിന്റെ പേരിൽ മാത്രമാണു ടീമിലെത്തിയത്.