ആരോൺ ഹ്യൂസ് ബ്ലാസ്റ്റേഴ്സ് മാർക്വീ താരം

ആരോൺ ഹ്യൂസ്

കൊച്ചി ∙ വടക്കൻ അയർലൻഡ് പ്രതിരോധനിര താരം ആരോൺ ഹ്യൂസ് പുതിയ സീസൺ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാർക്വീ താരമാകും. ഈയിടെ അവസാനിച്ച യൂറോ കപ്പിൽ വടക്കൻ അയർലൻഡ് നിരയിലുണ്ടായിരുന്ന ഹ്യൂസിനെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാർക്വീ താരമായി പ്രഖ്യാപിച്ചു. വടക്കൻ അയർലൻഡിനായി 103 തവണ കളത്തിലിറങ്ങിയിട്ടുള്ള ആരോൺ ഹ്യൂസ് 46 മത്സരങ്ങളിൽ ക്യാപ്റ്റനുമായി.

ന്യൂകാസിൽ യുണൈറ്റഡിനായി 279 ഇംഗ്ലിഷ് പ്രിമിയർ മത്സരങ്ങൾ കളിച്ചിട്ടുള്ള ഹ്യൂസ് ആകെ 455 ഇപിഎൽ മത്സരങ്ങൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. 1998ൽ രാജ്യാന്തര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ച ഹ്യൂസ് 2011ൽ വിരമിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ യൂറോകപ്പ് സ്ക്വാഡിൽ ഈ 36കാരനെ ഉൾപ്പെടുത്തുകയായിരുന്നു.

ഓസ്ട്രേലിയൻ എ ലീഗിൽ മെൽബൺ സിറ്റിക്കു വേണ്ടിയായിരുന്നു ആരോൺ ഹ്യൂസ് കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്. ആസ്റ്റൺ വില്ല, ഫുൾഹാം തുടങ്ങിയ പ്രമുഖ ഇപിഎൽ ടീമുകളിലും ഹ്യൂസ് പ്രതിരോധനിര കാത്തിട്ടുണ്ട്. ഹ്യൂസിന്റെ പരിചയസമ്പത്തു മുതലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ യൂറോകപ്പ് സ്ക്വാഡിലേക്ക് അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. നിലവിൽ കളിക്കുന്ന താരത്തെ മാർക്വീ താരമാക്കണമെന്ന തീരുമാനത്തോടെയാണു ബ്ലാസ്റ്റേഴ്സ് ഇത്തവണ കളിക്കാരെ അന്വേഷിച്ചിരുന്നത്.

മാർക്വീ താരത്തെ നേരത്തേ പ്രഖ്യാപിച്ചു മികച്ച മുന്നൊരുക്കം നടത്താനായിരുന്നു സച്ചിൻ തെൻഡുൽക്കർക്കും പുതിയ മാനേജ്മെന്റ് അംഗങ്ങൾക്കും താൽപര്യം. കഴിഞ്ഞതവണ മാർക്വീ താരത്തെ അറിയിക്കാൻ ഐഎസ്എൽ അധികൃതർ നൽകിയ അവസാന തീയതിയിലായിരുന്നു ബ്ലാസ്റ്റേഴ്സ് സ്പെയിനിൽ നിന്നുള്ള കാർലോസ് മർച്ചേനയെ മാർക്വീ താരമായി പ്രഖ്യാപിച്ചത്. പരുക്കിൽ നിന്നു മുക്തനാകാത്ത മർച്ചേന ആകെ ഒരു മത്സരത്തിൽ മാത്രമാണു കളത്തിലിറങ്ങിയത്. നേരത്തേ തന്നെ സ്റ്റീവ് കൊപ്പലിനെ പരിശീലകനായി പ്രഖ്യാപിച്ച ബ്ലാസ്റ്റേഴ്സ് മാർക്വീ താരത്തെയും നിയോഗിച്ചു മികച്ച മുന്നൊരുക്കമാണു നടത്തിയിരിക്കുന്നത്.

ഏതെങ്കിലും ശ്രദ്ധേയ ടൂർണമെന്റ് കളിച്ച താരത്തെയാണു മാർക്വീ താരമാക്കേണ്ടത്. ഹ്യൂസ് യൂറോ കപ്പ് കളിച്ചിട്ടുള്ള താരമെന്ന നിലയിലാണ് ആ പദവിയിലേക്ക് എത്തുന്നത്. എന്നാൽ ഹ്യൂസ് സാധാരണ താരമാണെന്നും മാർക്വീ താരമാക്കാൻ കുറച്ചുകൂടി മികച്ച താരത്തെ വേണം കണ്ടെത്താനെന്നുമുള്ള വിമർശനം സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. ആരോൺ ഹ്യൂസിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നു പരിശീലകൻ സ്റ്റീവ് കൊപ്പൽ പ്രതികരിച്ചു. ആദ്യ സീസൺ ഐഎസ്എല്ലിൽ ഇംഗ്ലണ്ടിൽ നിന്നുള്ള ഡേവിഡ് ജെയിംസും രണ്ടാം സീസണിൽ കാർലോസ് മർച്ചേനയുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മാർക്വീ താരങ്ങൾ.