പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ വീഴ്ത്തി

ഇംഗ്ലണ്ടിനെ തോൽപ്പിച്ച പാക്കിസ്ഥാൻ ടീമംഗങ്ങൾ വിജയമാഘോഷിക്കുന്നു.

ലണ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാനു വിജയം. 75 റൺസിനാണ് സന്ദർശകർ വിജയം നേടിയത്. വിജയത്തിന് 283 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 207 റൺസിൽ അവസാനിച്ചു. സ്കോർ: പാക്കിസ്ഥാൻ– 339, 215. ഇംഗ്ലണ്ട്– 272, 207


രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റെടുത്ത ലെഗ് സ്പിന്നർ യാസിർ ഷായാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരെ വീഴ്ത്തിയത്. ആകെ 10 വിക്കറ്റ് നേടിയ യാസിർ തന്നെണു മാൻ ഓഫ് ദ് മാച്ച്.

ജോണി ബെയർസ്റ്റോ (48), വിൻസേ (42), ഗാരി ബല്ലാൻസ് (43) എന്നിവർ മാത്രമാണ് ആതിഥേയനിരയിൽ ചെറുത്തുനിൽപ്പിനു ശ്രമിച്ചത്. നാലിന് 135 എന്ന നിലയിൽ വിജയത്തിലേക്കു നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിനെ യാസിർ ഷായാണു പിടിച്ചുകെട്ടിയത്. ബല്ലാൻസിനെ വീഴ്ത്തിയ യാസിർ തൊട്ടുപിന്നാലെ മൊയീൻ അലിയേയും ക്ലീൻബോൾ ചെയ്തു. ഇതോടെ ആതിഥേയർ ആറിന് 139 എന്ന നിലയിലായി.

ഇംഗ്ലിഷ് താരം ക്രിസ് വോക്സ് രണ്ടിന്നിങ്സിൽനിന്നായി 11 വിക്കറ്റ് സ്വന്തമാക്കി.