അഞ്ചടിച്ച് റയൽ മിന്നി

ഗോൾ നേടിയ ക്രിസ്റ്റ്യാനോ, കരിം ബെൻസേമയ്ക്കും മാഴ്സെലോയ്ക്കുമൊപ്പം ആഹ്ലാദത്തിൽ

മഡ്രിഡ്∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മഡ്രിഡിനു തകർപ്പൻ ജയം. 5–0നു ഗ്രനഡയെ തകർത്ത സിനദിൻ സിദാന്റെ ടീം ബാർസിലോനയുടെ റെക്കോർ‍ഡിനൊപ്പമെത്തി. പരാജയമറിയാതെ റയലിന്റെ തുടർച്ചായ 39–ാം മൽസരമാണിത്. അടുത്ത വാരം കിങ്സ് കപ്പ് രണ്ടാം പാദത്തിൽ സെവിയ്യയോടു തോൽക്കാതിരുന്നാൽ റയലിനു ബാർസയെ മറികടന്ന് റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമാക്കാം.

ജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് ആറു പോയിന്റാക്കി ഉയർത്തി. 12–ാം മിനിറ്റിൽ കരിം ബെൻസേമയുടെ പാസിൽ നിന്ന് ഇസ്കോ ഗ്രനഡയുടെ മെക്സിക്കൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയെ മറികടന്നു. എട്ടു മിനിറ്റിനു ശേഷം ബെൻസേമയുടെ ഊഴം. ലൂക്ക മോഡ്രിച്ചിന്റെ ഷോട്ട് ഒച്ചോവയ്ക്കു കയ്യിലൊതുക്കാനായില്ല. കാത്തുനിന്ന ബെൻസേമ ലക്ഷ്യംകണ്ടു.

പിന്നാലെ മാഴ്സലോയുടെ ക്രോസ് സ്വീകരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ലീഗ് സീസണിലെ 11–ാം ഗോൾ നേടി. ഹാഫ്ടൈമിനു മുൻപെ റയൽ അടുത്ത ഗോളും നേടി. മോഡ്രിച്ചിന്റെ ഒരു ലോ ക്രോസ് ഇസ്കോ ഗോളിലേക്കു തിരിച്ചുവിട്ടു. 58–ാം മിനിറ്റിൽ റോഡ്രിഗസിന്റെ ഫ്രീകിക്കിൽ നിന്ന് കാസിമിറോയും ലക്ഷ്യംകണ്ടു.

‘‘കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടുക എന്നത് പ്രധാനമാണ്. ഗ്രനഡ നന്നായി ചെറുത്തുനിന്നിട്ടും ഞങ്ങളതു നേടി’’– റയൽ കോച്ച് സിനദിൻ സിദാൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ ലൂയിസ് എൻറിക്വെയുടെ കീഴിൽ ബാർസിലോന കുറിച്ച സ്പാനിഷ് റെക്കോർഡിനൊപ്പമാണ് റയൽ എത്തിയത്.