സാന്റോസ് പോർച്ചുഗൽ പരിശീലകനായി തുടരും

ലിസ്ബൺ ∙ പോർച്ചുഗലിനെ യൂറോകപ്പ് ചാംപ്യൻമാരാക്കിയ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് അടുത്ത യൂറോകപ്പ് വരെ കോച്ചായി തുടരും. ഫ്രാൻസിനെ എക്സ്ട്രാ ടൈം ഗോളിൽ പരാജയപ്പെടുത്തിയാണു പോർച്ചുഗൽ ചരിത്രത്തിലാദ്യമായി യൂറോപ്യൻ ചാംപ്യന്മാരായത്.

തുടർന്നാണ് അറുപത്തിയൊന്നുകാരൻ സാന്റോസുമായി കരാർ പുതുക്കാൻ പോർച്ചുഗീസ്ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്. പുതിയ കരാർ അനുസരിച്ചു സാന്റോസ് 2020 വരെ പരിശീലക സ്ഥാനത്തു തുടരും. 2014 സെപ്റ്റംബറിലായിരുന്നു, ലോകകപ്പ് ഫുട്ബോളിനു പിന്നാലെ സാന്റോസ് പോർച്ചുഗീസ് പരിശീലകനായി ചുമതലയേറ്റത്.

മുൻപു ഗ്രീസിനെ പരിശീലിപ്പിച്ചിട്ടുള്ള സാന്റോസിനു കീഴിൽ പോർച്ചുഗൽ 14 മൽസരക്കളികളിൽ ഒന്നിൽപ്പോലും തോൽവിയറിഞ്ഞില്ല. 2018 ലോകകപ്പിനു ടീമിനെ ഒരുക്കുകയെന്ന ദൗത്യമാണ് ഇനി സാന്റോസിനുള്ളത്. സെപ്റ്റംബർ ആറിനു സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ ലോകകപ്പ് യോഗ്യതാ മൽസരം.