Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഗുരുസ പുറത്ത്; ജോക്കോവിച്ച്, നദാൽ മൂന്നാം റൗണ്ടിൽ

TEN-US OPEN-DAY 3 ഗാർബൈൻ മുഗുരുസ മത്സരത്തിനിടെ.

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിലെ ആദ്യ മേജർ അട്ടിമറിയിൽ, ഫ്രഞ്ച് ഓപ്പൺ വനിതാ ചാംപ്യൻ ഗാർബൈൻ മുഗുരുസ വീണു. സെറിന വില്യംസിന്റെ ഒന്നാം റാങ്കിനു ഭീഷണി ഉയർത്തുമെന്നു കരുതിയിരുന്ന ഈ സ്പാനിഷ് താരത്തെ രണ്ടാം റൗണ്ടിൽ തകിടം മറിച്ചത് അത്ര അറിയപ്പെടാത്ത കളിക്കാരിയായ ലാത്‌വിയക്കാരി അനസ്താസിയ സെവസ്റ്റോവയാണ് (7–5, 6–4).

നാലു തവണ ശ്രമിച്ചിട്ടും യുഎസ് ഓപ്പണിൽ മൂന്നാം റൗണ്ടുപോലും കാണാൻ കഴിയാത്ത ഇരുപത്തിരണ്ടുകാരി മുഗുരുസ, താനിതൊക്കെ മുന്നേ കണ്ടതാണെന്ന മട്ടിലാണു പ്രതികരിച്ചത്. സീസണിലെ ഫ്രഞ്ച് ഓപ്പണിൽ സെറിന വില്യംസിനെ ഫൈനലിൽ കീഴടക്കി ആദ്യ ഗ്രാൻസ്ലാം കിരീടമണിഞ്ഞ താരത്തിന് ഇവിടെയും കിരീട വിജയമാവർത്തിച്ചാൽ ലോക ഒന്നാം റാങ്ക് സാധ്യതയുണ്ടായിരുന്നു.

പക്ഷേ, ഫൈനലിൽ എത്തണമെങ്കിൽപ്പോലും അത്ഭുതം സംഭവിക്കണം എന്നമട്ടിലാണു മുഗുരുസ പ്രതികരിച്ചത്. ആദ്യ റൗണ്ടു കടക്കാൻ പെട്ടപാടു തന്നെ ഈ മൂന്നാം സീഡു താരം ഫോമിലേ അല്ലെന്നു വ്യക്തമാക്കിയിരുന്നു. സെറിനയ്ക്കുള്ള ഭീഷണി പക്ഷേ, ഒഴിഞ്ഞിട്ടില്ല. ഒന്നാം റാങ്ക് സാധ്യതാ പട്ടികയിൽത്തന്നെയുള്ള ജർമൻ താരം ഏഞ്ചലിക് കെർബർ മൂന്നാം റൗണ്ടിലേക്കു കടന്നിട്ടുണ്ട്.

രണ്ടാം സീഡ് കെർബർ കീഴടക്കിയത് ക്രൊയേഷ്യയുടെ മിർജാന ലൂസിച്ച് ബറോണിയെയാണ് (6–2, 7–6). ഒൻപതാം സീഡ് സ്വെറ്റ്ലാന കുസ്നെറ്റ്സോവയെ (റഷ്യ) കീഴടക്കി കരോളിൻ വോസ്നിയാക്കിയും മൂന്നാം റൗണ്ടിലെത്തി. പുരുഷൻമാരിൽ നിലവിലെ ചാംപ്യൻ നോവാക് ജോക്കോവിച്ചും നാലാം സീഡ് റാഫേൽ നദാലും രണ്ടാം റൗണ്ടു കടന്നു.

TOPSHOT-TEN-US OPEN-DAY 3 റാഫേൽ നദാലിന്റെ വിജയാഘോഷം.

സെർബിയക്കാരൻ ജോക്കോവിച്ചിന് ചെക്ക് താരം ജിറി വെസ്‌ലിയ്ക്കെതിരെ വോക്കോവർ കിട്ടി. നദാൽ നേരിട്ടുള്ള സെറ്റിൽ ഇറ്റലിയുടെ ആന്ദ്രേസ് സെപ്പിയെ വീഴ്ത്തി (6–0, 7–5, 6–1). അഞ്ചാം സീഡ് മിലോസ് റാവോണിക് (കാനഡ) പുറത്തായി. യുഎസ് താരം റിയാൻ ഹാരിസണോടു തോറ്റു (6–7, 7–5, 7–5, 6–1).

ഇന്ത്യൻ സഖ്യങ്ങൾ രണ്ടാം റൗണ്ടിൽ

ലിയാൻഡർ പെയ്സ്, സാനിയ മിർസ, റോഹൻ ബൊപ്പണ്ണ എന്നിവരുടെ സഖ്യങ്ങൾ യുഎസ് ഓപ്പൺ രണ്ടാം റൗണ്ടിലെത്തി. പെയ്സ് – മാർട്ടിന ഹിൻജിസ് സഖ്യം ആദ്യ റൗണ്ടിൽ യൂഎസ് കൂട്ടുകെട്ടായ 6–3, 6–2നു സച്ചിന വിക്കെറി – ഫ്രാൻസിസ് ടിയാഫോ ടീമിനെ കീഴടക്കി.

സാനിയ മിർസ –ബാർബറ സ്ട്രിക്കോവ(ചെക്ക്) സഖ്യം കീഴടക്കിയതും യുഎസ് സഖ്യത്തേയാണ്. ജാഡ ഹാർട്ട് – എന ഷിബഹാര ടീം കീഴടങ്ങിയത് 6–3, 6–2നായിരുന്നു. പുരുഷ ഡബിൾസിൽ ബൊപ്പണ്ണയും നീൽസനും ചേർന്ന് റാഡെക് സ്റ്റെപ്പാനെക്(ചെക്ക്) – നെദാദ് സിമോൺജിച്ച്സഖ്യത്തെ കീഴടക്കി(6–3, 6–7, 6–3).

Your Rating: